ആലപ്പുഴ: രാജ്യാന്തര യോഗ ദിനമായ ഇന്ന് നാടിന്റെ വിവിധ പ്രദേശങ്ങളില്‍ യോഗ പ്രദര്‍ശനവും മത്സരവും അരങ്ങേറും. ആഴ്ചകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ഇന്ന് ജാതിമതഭേദമില്ലാതെ, പ്രായ വ്യത്യാസമില്ലാതെ ആബാല വൃദ്ധം ജനങ്ങളും ആരോഗ്യമുള്ള ശരീരവും മനസ്സും ലക്ഷ്യമാക്കി യോഗാഭ്യാസം നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ ഒരുങ്ങുന്നത്. എന്‍സിസി കേഡറ്റുകളുടെ നേത്യത്വത്തില്‍ ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായി അയ്യായിരത്തോളം കുട്ടികള്‍ യോഗാസനങ്ങളുടെ പ്രദര്‍ശനമൊരുക്കും.
ആലപ്പുഴ ബീച്ച്, ചേര്‍ത്തല എസ്എന്‍ കോളേജ് ഓഡിറ്റോറിയം, മാന്നാര്‍ നായര്‍ സമാജം സ്കൂള്‍ മൈതാനം എന്നിവിടങ്ങളിലാണു യോഗാസന പ്രദര്‍ശനം ഒരുക്കുക. ഇതിന്റെ പരിശീലനം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങി. യോഗാചാര്യ എം. സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ശിവാനന്ദ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഫ് യോഗയിലെ അധ്യാപകരാണു എന്‍സിസി കെഡറ്റുകള്‍ക്കു പരിശീലനം നല്‍കുന്നത്. ഇന്ന് രാവിലെ ഏഴിന് മൂന്നു സ്ഥലങ്ങളിലും പ്രദര്‍ശനം ആരംഭിക്കും.
അരമണിക്കൂര്‍ സമയമാണു പ്രദര്‍ശനം. ആലപ്പുഴ ബീച്ചില്‍ രണ്ടായിരം കൂട്ടികളും മാന്നാറില്‍ 1,500 കുട്ടികളും ചേര്‍ത്തലയില്‍ അഞ്ഞൂറിലധികം പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ആലപ്പുഴ ബീച്ചില്‍ പ്രത്യേക വേദി സജ്ജമാക്കിയായിരിക്കും പ്രദര്‍ശനം. ആലപ്പുഴ കിടങ്ങാം പറമ്പ് സ്ക്കൂളിലും ഇന്ന് രാവിലെ ഏഴിന് യോഗാപ്രദര്‍ശനം നടക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗയില്‍ മത്സരങ്ങള്‍ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുളിമൂട്ടില്‍ ട്രേഡ് സെന്ററില്‍ ആദ്ധ്യാത്മിക സത്സംഗവും രാജയോഗധ്യാനവും സംഘടിപ്പിക്കും. മുന്‍ ശബരിമല മേല്‍ശാന്തി വെള്ളിമന കൃഷ്ണന് നമ്പൂതിരി ദീപപ്രകാശനം നിര്‍വഹിക്കും. എഡിഎം: ടി.ആര്. ആസാദ് ഉദ്ഘാടനം ചെയ്യും.
ബ്രഹ്മകുമാര്‍ രാജേഷ് മോഹന്‍, രാജയോഗിനി ബ്രഹ്മകുമാരി ദിഷ എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലാ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 21ന് ആലപ്പുഴ ലിയോ തെര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അന്തര്‍ദേശീയ യോഗദിനവും ജില്ലാതല യുവജന കണ്വന്ഷന് നടക്കും. പ്രോഗ്രാമിനോട് അനുബന്ധിച്ച് പങ്കെടുക്കുന്ന എല്ലാവര്ക്കും ഫുട്ബോളും നല്‍കും. രാവിലെ 7.30 മുതല്‍ യോഗ പരിശീലനവും 10ന് പൊതുസമ്മേളനവും ഫുട്ബോള്‍ വിതരണവും നടക്കും. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ അദ്ധ്യക്ഷത വഹിക്കും. കളക്ടര്‍ എന്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
മുഹമ്മ കൊച്ചനാകുളങ്ങര വേദവ്യാസ വിദ്യാപീഠത്തില്‍ അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഇന്നുമുതല്‍ 28 വരെ ആരോഗ്യ ബോധവത്കരണ ക്ലാസും യോഗാ ചികിത്സയും നടക്കും. പ്രമേഹമുക്ത ഭാരതം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് സംഘാടകരുടെ ഉദ്ദേശ്യം. വിദഗ്ധ യോഗാചാര്യന്മാരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: