ചാത്തന്നൂര്‍: കൊല്ലം ജില്ല കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ പറുദീസയായി മാറുന്നു. അന്യസംസ്ഥാന തൊഴിലാളികളേയും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളേയുമാണ് കഞ്ചാവ് മാഫിയ ലക്ഷ്യമിടുന്നത്. ചെറുപൊതികളിലാക്കി വില്‍പ്പന നടത്തിയാല്‍ പിടിക്കപ്പെട്ടാലും ജാമ്യം കിട്ടുമെന്ന കാരണത്താല്‍ ചില്ലറവില്പ്പനയിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെറുകിട മദ്യവില്‍പ്പന നടത്തിയിരുന്നവരും ഈ രംഗത്തേയ്ക്ക് ഇറങ്ങിയിട്ടുണ്ട്.
നാലും അഞ്ചും ഗ്രാമുള്ള പൊതികളാക്കി വിറ്റഴിക്കുന്നതിലൂടെ വന്‍ലാഭം സംഘങ്ങള്‍ക്ക് കിട്ടുന്നുണ്ട്. തൂക്കമനുസരിച്ച് അന്‍പത് മുതല്‍ നൂറ് വരെയും നാലും അഞ്ചും പേരുള്ള ചെറു ഗ്രൂപ്പുകളായി വാങ്ങുന്നവര്‍ അഞ്ഞൂറ് രൂപക്കും വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ ചില്ലറ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്ക് പുറത്തുനിന്നും വരുന്ന ആള്‍ക്കാരെ എത്തിക്കുന്നതിന് ഏജന്റുമാരും ഉണ്ട്. മൊത്തക്കച്ചവടക്കാര്‍ ആന്ധ്ര, കര്‍ണ്ണാടക, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ചരക്കുലോറികളിലും ടൂറിസ്റ്റ് ബസുകളിലും പാഴ്സല്‍ ലോറികളിലും ട്രെയിന്‍വഴിയും കഞ്ചാവ് കടത്തുന്നതിന് അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും സ്ത്രീകളേയും ഉപയോഗിക്കുന്നു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പുനലൂര്‍, ആര്യങ്കാവ്, ചെങ്കോട്ട എന്നിവിടങ്ങളാണ് കഞ്ചാവ് വിപണനത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍.
പുനലൂര്‍ പ്രധാന വിപണനകേന്ദ്രമായി മാറുന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് പോലീസിനെ കണ്ട് ഓട്ടോറിക്ഷയില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ട കഞ്ചാവ് കച്ചവടക്കാരില്‍നിന്ന് കിട്ടിയ മൊഴി. പുനലൂരില്‍ ഒരു സ്ത്രീയുടെ കൈയില്‍നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നത്. ദിവസം അഞ്ച് മുതല്‍ പത്ത് കിലോ വരെ കഞ്ചാവാണ് ഇവര്‍ വിറ്റിരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍ക്കുന്ന ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്.
പോളയത്തോട് പൊതുശ്മശാനപരിസരത്തുനിന്ന് ഓട്ടോറിക്ഷയില്‍ വിപണനം നടത്തുകയായിരുന്ന അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാളത്തുംഗല്‍ ഭാഗത്തുനിന്ന് പിഞ്ചുകുഞ്ഞുമായി കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ദമ്പതികളേയും പോലീസ് അറസ്റ്റുചെയ്തു. ട്രെയിന്‍മാര്‍ഗം കൊണ്ടുവരുന്ന കഞ്ചാവ് കൂടുതലായും കൊല്ലം പോലുള്ള വലിയ റെയില്വേസ്റ്റേഷനുകളില് ഇറക്കാതെ പരവൂര്‍, കാപ്പില്‍ തുടങ്ങിയ തീരദേശവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെറിയ സ്റ്റേഷനുകള്‍ വഴിയാണ് കടത്തുന്നത്. അന്യസംസ്ഥാനത്ത് പഠിക്കുന്ന കുട്ടികളാണ് കാരിയറായി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കരിയറായിരുന്ന വിദ്യാര്‍ത്ഥിയെ കൊല്ലം എസ്എന്‍ കോളേജ് പരിസരത്തുനിന്ന് രണ്ട് മാസം മുന്‍പേ അറസ്റ്റു ചെയ്തിരുന്നു. തമിഴ്നാട് മാര്‍ത്താണ്ഡം എഞ്ചനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും സഹായിയുമാണ് പിടിയിലായത്.
ന്യൂജനറേഷന് കടകള്‍ കേന്ദ്രീകരിച്ചും കഞ്ചാവ്- മയക്കുമരുന്ന് വിപണനം നടന്നുവരുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവാക്കി മോടിപിടിപ്പിച്ച കടകളില്‍ ദിവസം ആയിരം രൂപയുടെ വസ്ത്രവ്യാപാരം പോലും നടക്കുന്നില്ലെന്നത് പരമമായ സത്യമാണ്. പക്ഷേ ഈ കടകളില്‍ രാത്രി 12-1 മണിവരെയും വന്‍തിരക്കാണ്. ഇത്തരത്തിലുള്ള കടകളില്‍ വെളിയില്‍നിന്നും സ്റ്റാഫുകളേയും വയ്ക്കാറില്ല. കൗമാരക്കാരെ കഞ്ചാവ് നല്കി അടിമപ്പെടുത്തുകയും തുടര്‍ന്ന് ഇത് വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് ഇവരെത്തന്നെ വിതരണക്കാരായി മാറ്റുകയാണ് ഇവരുടെ രീതി. വിലകൂടിയ മൊബൈല്‍ഫോണുകള്‍, പുത്തന്‍തലമുറ ബൈക്കുകള്‍ എന്നിവ കാട്ടി പ്രലോഭിപ്പിച്ചാണ് കൗമാരക്കാരെ വലയിലാക്കുന്നത്.
കഞ്ചാവ് ഉപയോഗിക്കുന്നതിനും പ്രത്യേകം ഗ്രൂപ്പുകളുണ്ട്. സ്കൂള്‍-കോളേജ് പരിസരം, ആളൊഴിഞ്ഞ വീടുകള്‍, പുരയിടങ്ങള്‍, പാര്‍ക്ക്, ബീച്ച്, തീരദേശത്തെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍, റയില്വേസ്റ്റേഷന് പരിസരം എന്നിവിടങ്ങള്‍ ഇക്കൂട്ടര്‍ താവളമാക്കുന്നു. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈക്കുള്ളിലും പുസ്തക സഞ്ചികളിലും കൊണ്ടുപോകാന്‍ പരുവത്തില്‍ കഞ്ചാവ് പൊതികളുമായി മാഫിയാ സംഘങ്ങള്‍ തയാറാകുമ്പോള്‍ അതിനെ തടയിടാന്‍ കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും തയാറാകണം. സ്കൂള്‍-കോളേജ് പരിസരങ്ങളില്‍ പോലീസ് പട്രോളിംഗ് കാര്യമായി നടക്കാത്തത് മയക്കുമരുന്ന് മാഫിയകള്‍ക്ക് സഹായകരമാകുന്നു.
ദിനംപ്രതി അഞ്ചോളം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അന്വേഷണം പരല്മീനുകളിലൊതുങ്ങുമ്പോള് കൊമ്പന്‍സ്രാവുകള്‍ അണിയറയിലിരുന്ന് കരുക്കള്‍ നീക്കുകയാണ്. പോലീസും എക്സൈസും സംയുക്തമായി ശക്തമായ റെയ്ഡുകള്‍ക്ക് തയാറായി കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി മയക്കുമരുന്ന് മാഫിയയെ തകര്‍ക്കണമെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: