വേദകാല ജനത ഭൗതികമായി വളരെയേറെ മുന്നേറിയവരായിരുന്നു. ആ ഭൗതികതയില്‍ ത്രസിക്കാതെ ആത്മവിദ്യയെ ഹൃദയത്തോടു ചേര്‍ത്ത് ജീവിതം നയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അവര്‍ക്ക് ലൗകികത ഊഷരമാകാതിരുന്നത്. ഭാരതീയ ഋഷിമാര്‍ക്ക് ഭൗതികജീവിതമെന്നോ ആത്മീയജീവിതമെന്നോ ഉള്ള വേര്‍തിരിവ് ഒരിക്കലുമുണ്ടായിരുന്നില്ല. ആദ്ധ്യാത്മിക ജ്ഞാനം നേടി അതിലൂടെ ജീവിതത്തെ മൂല്യവത്താക്കിത്തീര്ത്തവരായിരുന്നു സനാതന ധര്മാചാര്യന്മാര്.
മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്ക്, അനന്തമായ ശക്തിയിലേക്ക് ഉയര്‍ത്തുന്നതാണ് വേദാന്തം. ‘വിദ്’ എന്ന ധാതുവില്‍ നിന്നാണ് വേദം എന്ന പദം ഉരുത്തിരിഞ്ഞത്. പരമമായ അറിവാണ് വേദമെന്നാല്‍. സര്വചരാചരത്തിലും ഈശ്വരാംശത്തെ ദര്‍ശിക്കുന്ന വേദാന്തം സര്‍വരുടേയും ആരാധനാലയങ്ങളെയും സര്‍വമത സമ്പ്രദായങ്ങളെയും മൈത്രിയോടെയാണ് വീക്ഷിക്കുന്നതും.
വേദങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തെപ്പറ്റി വിഭിന്നാഭിപ്രായമുണ്ടെങ്കിലും അവയിലെ കല, സാഹിത്യം, ശാസ്ത്രചിന്തകള്‍ എന്നിവയുടെ ആധികാരികതയെക്കുറിച്ച് തര്‍ക്കമുണ്ടാകാനിടയില്ല. വേദകാല ജനതയുടെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, ഭാഷ എന്നിവയെല്ലാം നമുക്ക് നല്കിയ ജനത പിന്നീടുണ്ടായിട്ടില്ല.
ഋഗ്, യജുസ്സ്, സാമം, അഥര്‍വം എന്നീ നാലുവേദങ്ങളും ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കളും കൂടി യോജിക്കുമ്പോഴാണ് വേദം പൂര്‍ണമാകുന്നത്. വേദങ്ങളെ ജ്ഞാനകാണ്ഡം, കര്‍മകാണ്ഡം, ഉപാസനാകാണ്ഡം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. മനസ്സിന്റെ ശക്തിയെക്കുറിച്ചുള്ള പഠനങ്ങള്‍ ആദ്യമായുണ്ടായത് ഭാരതത്തിലാണ്. മനസ്സ് എന്താണെന്ന് അറിയണമെങ്കില്‍ നാം ഭാരതീയമായ വേദ, വേദാന്താദി ശാസ്ത്രങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. കപിലമുനിയുടെ സാംഖ്യദര്‍ശനമാണ് ഭാരതത്തിലെ സമഗ്രമായ മനഃശാസ്ത്ര പഠനഗ്രന്ഥം. ഞാന്‍ ആരാണ് എന്ന അന്വേഷണത്തിലാണ് മനസ്സിനെ നാം കണ്ടെത്തുന്നത്. ഭാരതീയ യോഗികള്‍ മനസ്സിന്റെ യജമാനന്മാരായതിനാലാണ് അവരെ നാം സ്വാമികള്‍ എന്നു സംബോധന ചെയ്യുന്നത്.
ഭാരതീയ തത്വചിന്തയെക്കുറിച്ചും ഇവിടെ വേരുമുളച്ച സമസ്ത ആധ്യാത്മിക ശക്തികളെയുംകുറിച്ച് സമഗ്രമായ അവബോധം പകരുന്നതാണ് കെ.മഹാദേവനും ഡോ. സി. എസ്.രവീന്ദ്രനും ചേര്‍ന്നെഴുതിയ ‘ഭാരതീയ ദര്‍ശനങ്ങള്‍ ഒരു ശാസ്ത്രീയ വീക്ഷണം’ എന്ന ഗ്രന്ഥം. ഭാരതീയ വിജ്ഞാനധാരകളെപ്പറ്റി ആധികാരികമായി പറയുവാനുള്ള ധിഷണാശക്തി ആര്‍ജിച്ചവരാണ് ലേഖകരെന്ന് ഗ്രന്ഥാരംഭത്തില്‍ തന്നെ വായനക്കാരന് ബോധ്യപ്പെടുംവിധമാണ് ഉള്ളടക്കം.
രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഗ്രന്ഥത്തില്‍ ഗുരുപരമ്പര, ജഗദ്മിഥ്യ, ജീവന്, കര്‍മഫലം, താപത്രയങ്ങള്‍, അതിവാഹികം, അഷ്ടൈശ്വര്യസിദ്ധികള്‍ എന്നിവ ഒന്നാംഭാഗത്തും നാദബ്രഹ്മം, നാലു മഹാവാക്യങ്ങള്‍, ഭരതവാക്യം, റഫറന്‍സസ് എന്നിവ രണ്ടാം ഭാഗത്തുമായി ചേര്‍ത്തിരിക്കുന്നു. ഓരോ ലേഖനവും അവധാനതയോടെ വായിക്കേണ്ട സൂക്തരത്നമെന്ന് ഉറപ്പായും പറയാം. ആദികൈലാസയാത്രയിലൂടെയും ദേവഭൂമിയിലൂടെയും തനിക്ക് കിട്ടിയ ആത്മീയാനുഭൂതികളെ വളരെ ഹൃദയഹാരിയായി, ലളിതമായി മലയാളികള്‍ക്ക് കാഴ്ചവച്ച എം.കെ.രാമചന്ദ്രന്റെ അവതാരിക ഈ പുസ്തകത്തിന് ശോഭയേറ്റുന്നു.
പുസ്തകരൂപ കല്പ്പനയില് കുരുക്ഷേത്ര അനുവര്‍ത്തിക്കുന്ന ആഭിജാത്യം എടുത്തുപറയേണ്ടതാണ്. ചില വിഷയങ്ങള്‍ പരത്തിപ്പറയുന്നത് ഒഴിവാക്കാമായിരുന്നു എന്നതുമാത്രമാണ് ന്യൂനതയായി തോന്നുന്നത്. ഒരുപക്ഷേ, ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇത്തരമൊരു പുസ്തകത്തില്‍ ആ ന്യൂനത അത്ര കാര്യമാക്കാനില്ല.
ഏതായാലും ഭാരതീയ ദര്‍ശനങ്ങളുടെ ശാസ്ത്രീയവശം, പുതിയകാലത്തോടു സംവദിക്കാനുള്ള അതിന്റെ ആര്‍ജവത്തെ ഇത്ര ഭംഗിയായി പുസ്തകരൂപത്തിലാക്കിയ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.
കെ.മഹാദേവന്
ഡോ.സി.എസ്.രവീന്ദ്രന്,
കുരുക്ഷേത്ര പ്രകാശന്, കൊച്ചി
പേജ്: 320, വില: 260/-
പ്രതികരിക്കാൻ ഇവിടെ എഴുതുക: