ഭാരത പാക്കിസ്ഥാന് യുദ്ധം നടക്കുന്ന 1971. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഒരു പ്രകോപനവും ഇല്ലാതെ ഭാരതത്തെ ആക്രമിച്ച പാക്കിസ്ഥാന്റെ പ്രവൃത്തിയെ അപലപിച്ചുകൊണ്ടുള്ളതായിരുന്നു പ്രമേയം. സ്പീക്കര്‍ മുസ്ലീംലീഗിന്റെ കെ. മൊയ്തീന്‍കുട്ടി പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
അടുത്തദിവസം തനിനിറം പത്രത്തില്‍ സ്പീക്കറുടെ നിലപാടിനെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് കലാനിലയം കൃഷ്ണന്‍നായര്‍ എഴുതി. ”സ്പീക്കര്‍ ഒരു ദേശീയ വിരുദ്ധനാണെന്നും അദ്ദേഹത്തെ തലമുണ്ഡനം ചെയ്ത് പട്ടിക്കോലം വരച്ച് പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നും” പറഞ്ഞുകൊണ്ടുള്ള വിമര്‍ശനകുറുപ്പ് സഭയ്ക്കകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ചു. വിഷയം സഭയുടെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പാകെ വന്നു. ഇഎംഎസ്, കെ.എം. ജോര്‍ജ്ജ് തുടങ്ങിയവരായിരുന്നു പ്രിവിലേജ് കമ്മറ്റിയിലുണ്ടായിരുന്നത്.
മുഖപ്രസംഗത്തില്‍ അവകാശലംഘനം കണ്ടെത്തിയ പ്രിവിലേജ് കമ്മറ്റി പത്രാധിപരായ കൃഷ്ണന്‍നായരോട് സമാധാനം ആവശ്യപ്പെടുകയും മാപ്പ് എഴുതി തന്നാല്‍ പ്രശ്നം തീര്‍ക്കാമെന്ന് അറിയിക്കുകയും ചെയ്തു. കൃഷ്ണന്‍നായര്‍ മാപ്പു പറയാന്‍ തയ്യാറായില്ല.
അങ്ങനെയെങ്കില്‍ പത്രാധിപരെ നിയമസഭയില്‍ നേരിട്ടു വിളിച്ചു വരുത്തി പരസ്യമായി ശിക്ഷിക്കാന്‍ തീരുമാനിച്ചു. നോട്ടീസ് കൈപ്പറ്റിയ കൃഷ്ണന്‍നായര്‍ കൃത്യ ദിവസം നിയമസഭയില്‍ ഹാജരായി. മുഖ്യമന്ത്രി സി. അച്ചുതമേനോനും എല്ലാ മന്ത്രിമാരും ഒട്ടുമിക്ക എംഎല്‍എമാരും നേരത്തെതന്നെ സീറ്റുകളിലെത്തി. സ്പീക്കേഴ്സ് ഗാലറിയും ഓഫീസേഴ്സ് ഗാലറിയും മീഡിയ ഗാലറിയും എല്ലാം നിറഞ്ഞു. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു പത്രാധിപരെ വിളിച്ചുവരുത്തി താക്കീത് ചെയ്യുന്നതിന് സാക്ഷികളാകാന്‍ എല്ലാപേരും ആകാംക്ഷയോടെ കാത്തുനിന്നു.
ചീഫ് മാര്‍ഷലിന് പിന്നാലെ കൃഷ്ണന്‍നായര്‍ സഭയ്ക്കുള്ളില്‍ പ്രവേശിച്ചു. സ്പീക്കറുടെ വേദിക്ക് താഴെ ലജിസ്ലേറ്റീവ് ഉദ്യോഗസ്ഥരുടെ മുന്നിലായി പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ അദ്ദേഹം കയറിനിന്നു.
കസവുമുണ്ടും സില്‍ക്ക് ജൂബായും നെറ്റിയില്‍ ചന്ദനക്കുറിയും തടിച്ച കണ്ണടയുമായി നില്ക്കുന്ന കൃഷ്ണന്‍നായരെ എല്ലാവരും ആകാംക്ഷയോടെ നോക്കി. ആ മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ല. എങ്കിലും കൂസാതെ നില്ക്കുന്ന ആ മനുഷ്യന്റെ കണ്ണുകളില്‍ തെളിഞ്ഞുനില്ക്കുന്ന ആത്മവിശ്വാസം പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിശബ്ദത തളം കെട്ടിയ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഡപ്യൂട്ടി സ്പീക്കറുടെ ശബ്ദം ഉയര്‍ന്നു.
”ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ നിയമസഭയുടെ അവകാശങ്ങള്‍ മുഖപ്രസംഗത്തിലൂടെ ലംഘിച്ചതിനും ആക്ഷേപിച്ചതിനും സഭ ഗൗരവപൂര്‍വ്വം താക്കീത് ചെയ്യുന്നു.”
താക്കീത് കേട്ട് മിണ്ടാതെ നില്ക്കുന്ന കൃഷ്ണന് നായരുടെ മുഖത്ത് അപ്പോഴും ഒരുമാറ്റവും സംഭവിച്ചില്ല. ശാസനാപത്രം വായിച്ചുകഴിഞ്ഞപ്പോള്‍ പോകാന്‍ അനുവാദം കൊടുത്തു. ഒന്നും സംഭവിക്കാത്തതുപോലെ ചീഫ് മാര്‍ഷലിനൊപ്പം അദ്ദേഹം പുറത്തുവന്നു.
”താന്‍ ചെയ്തത് പത്രധര്‍മ്മമാണെന്നും ഇനിയും അങ്ങനെയായിരിക്കുകയും ചെയ്യും” എന്ന ഭാവത്തില്‍ തല ഉയര്‍ത്തി നടന്നുപോകുന്ന കൃഷ്ണന്‍നായരുടെ ചിത്രം വികാരവായ്പ്പോടെ അനന്തരവന് സതീഷ് പാങ്ങോട് വരച്ചിടുമ്പോള്‍ തെളിയുന്നത് കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. അതെ, കേരളത്തിന്റെ കലാ, മാധ്യമ, രാഷ്ട്രീയ ചരിത്രത്തില്‍ തന്റേതായ ഇടം സ്വന്തമാക്കിയ കലാനിലയം കൃഷ്ണന്‍നായരെക്കുറിച്ചുള്ള പ്രഥമ ജീവചരിത്രം ”കലാനിലയം സംസാരിക്കുന്നു” അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയുള്ള സത്യസന്ധമായ യാത്രയാണ്. ഒപ്പം വേറിട്ടത്തും മനോഹരവുമായ അവതരണരീതിയും. ഒറ്റയിരുപ്പില്‍ വായിക്കാവുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖ.
കലാനിലയം, തനിനിറം, ഈ രണ്ടു നാമങ്ങള്‍ പറഞ്ഞാല്‍ മലയാളികള്‍ ഒപ്പം ഉച്ചരിക്കുന്ന പേരായിരുന്നു കൃഷ്ണന്‍നായര്‍ എന്ന്. ഒരേ സമയം നാടക പ്രവര്‍ത്തകനായും മാധ്യമ പ്രവര്‍ത്തകനായും ഒരേപോലെ ശോഭിച്ച അതുല്യപ്രതിഭയുടെ ജീവിതരേഖ വരച്ചിടുകയാണ്”കലാനിലയം സംസാരിക്കുന്നു” എന്ന പുസ്തകത്തിലൂടെ സതീഷ് പാങ്ങോട്. അനന്തരവന് എന്ന നിലയില്‍ അമ്മാവനെക്കുറിച്ച് മറ്റാര്‍ക്കും അറിയാത്ത പല കാര്യങ്ങളും ലോകമറിഞ്ഞ കൃഷ്ണന്‍നായരുടെ ജീവിതാനുഭവങ്ങളുടെ വിവരണങ്ങളും അതാത് കാലഘട്ടത്തിനനുസരിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രങ്ങളും ചേര്‍ത്താണ് സതീഷ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. നാളിതുവരെയുള്ള ജീവചരിത്രരചനകളുടെ മാതൃകയല്ല ഇതിന്റേത് എന്നതാണ് മറ്റൊരു പ്രത്യേകത.
സര്‍ഗ്ഗവൈഭവമുള്ള നാടക സംവിധായകന് എന്നനിലയില്‍ മലയാള നാടകവേദിയില്‍ അവിസ്മരണീയ പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ കൃഷ്ണന്‍നായര്‍ സഹിച്ച ത്യാഗം, നഷ്ടം, ഒപ്പം നിന്ന അതുല്യ കലാകാരന്മാരുമൊക്കെ ഈ പുസ്തകത്തില്‍ തെളിയുന്നു. പത്രപ്രവര്‍ത്തനരംഗത്ത് അസാമാന്യ ധീരതയുടെ ഉടമയായിരുന്നു കൃഷ്ണന്‍നായര്‍. അതിനു നല്‍കേണ്ട വിലയും പുസ്തകത്തിലുണ്ട്.
കലാകേരളത്തിന് ഒരിക്കലും മറക്കാനാകാത്ത അസാധാരണ പ്രതിഭയായിരുന്ന കലാനിലയം (തനിറം) കൃഷ്ണന്‍നായരെ അടുത്തറിയുന്നതിലുപരി ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക ചരിത്രം കൂടി മനസ്സിലുറയ്ക്കുകയാണ് പുസ്തകം വായിച്ചുതീരുമ്പോള്‍.
കലാനിലയം സാംസാരിക്കുന്നു
സതീഷ് പാങ്ങോട്
കറന്റ് ബുക്സ്, തൃശൂര്‍
വില 200/-
പ്രതികരിക്കാൻ ഇവിടെ എഴുതുക: