പ്രഭാതമായപ്പോള്‍ വിശ്വാമിത്രന്‍ ബാലകന്മാരോട് ഇങ്ങനെ പറഞ്ഞു.
കൗസല്യ. സുപ്രജാരാമ, പൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്‍ദ്ദൂല, കര്‍ത്തവ്യം ദൈവമാഹ്നികം
(കൗസല്യയുടെ സുപുത്രനായ ഹേ രാമാ, ഇതാ കിഴക്ക് പ്രാതസന്ധ്യയായി. ഹേ പുരുഷശ്രേഷ്ഠാ, എഴുന്നേല്‍ക്കൂ, ദിനകകൃത്യങ്ങളും ഈശ്വരപൂജയും ചെയ്യണമല്ലോ.)
പ്രസിദ്ധമായ വെങ്കിടേശ്വര സുപ്രഭാതത്തില്‍ എല്ലാവരും കേട്ടിട്ടുള്ള ഈ വരികള്‍ വാല്മീകിരാമായണത്തിലുള്ളതാണ്. വിശ്വാമിത്രന്‍ ശ്രീരാമനെ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തുകയാണ്.
സരയൂ നദിയില്‍ പ്രഭാതകൃത്യങ്ങളും കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് അവര്‍ ഗംഗയ്‌ക്ക് അഭിമുഖമായി നടത്തമാരംഭിച്ചു. സരയുവിന്റെ സംഗമസ്ഥാനത്ത് നിരവധി ഋഷീശ്വരന്മാര്‍ തപസ്സു ചെയ്യുന്നതുകണ്ട് ഇതാരുടെ ആശ്രമമെന്ന് ശ്രീരാമന്‍ ചോദിച്ചു. അതിനു മറുപടിയായി വിശ്വാമിത്രന്‍ പറഞ്ഞു. കാമദേവന്‍ ശരീരമുണ്ടായിരുന്ന കാലത്ത് ഇവിടെ വസിച്ച് തപസ്സു ചെയ്തിരുന്നു. പിന്നീട് ശിവനോട് എതിരിടാന്‍ പോയി ശരീരം ദഹിച്ച് അനംഗനായിത്തീര്‍ന്നല്ലോ.
കാമദേവന്റെ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഇപ്പോഴും തപസ്സുചെയ്യുന്നുണ്ട്. അതാണ് കാമാശ്രമം. അവര്‍ അന്നുരാത്രിയില്‍ അവിടെ താമസിച്ചു. വിശ്വാമിത്രന്‍ നിരവധി കഥകള്‍ പറഞ്ഞ് അവരെ ആനന്ദിപ്പിച്ചു.
അടുത്ത ദിവസം രാവിലെ അവര്‍ വഞ്ചിയില്‍ കയറി പുഴകടന്ന് താടകാവനത്തില്‍ പ്രവേശിച്ചു. അവിടെയാണ് ഭയങ്കരിയായ താടകയെന്ന രാക്ഷസിയും അവളുടെ മക്കളായ സുബാഹുമാരിചന്മാരും വസിക്കുന്നത്. ഇവരാണ് വിശ്വാമിത്രന്റെ യാഗം മുടക്കുന്നത്.
…. തുടരും
















