കുമരകം: പൈതൃക പോലീസ് സ്റ്റേഷനായി നിലനിര്‍ത്തേണ്ടിയിരുന്ന കുമരകത്തെ പഴയ പോലീസ് സ്റ്റേഷന് ഇന്ന് സാമൂഹ്യവിരുദ്ധര്‍ക്കും മദ്യപന്മാര്ക്കും സുരക്ഷിതതാവളമാകുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പോലീസ് സ്റ്റേഷന് നിരവധി ക്രിമിനലുകളുടെയും അപരാധികളുടെയും നിരപരാധികളുടെയും കഥകള്‍ പറയാനുണ്ട്. ഈ പോലീസ് സ്റ്റേഷനില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൂന്തത്തൊപ്പിയും നിക്കറും ലാത്തിയുമായി പോലീസുകാരും ട്രൗസറും തൊപ്പിയും ക്രോസ്ബെല്‍റ്റും ധരിച്ച എസ്.ഐമാരും ഭരിച്ചിരുന്ന കാര്യം ഇന്നും പഴമക്കാരുടെ ഓര്‍മ്മയിലുണ്ട്. അന്ന് പോലീസിന് ജീപ്പു സൗകര്യമില്ലായിരുന്നു. പകരം അന്തോണിയെന്ന ഊന്നുകാരനും ഒരു വള്ളവുമായിരുന്നു വാഹനമായി ഉണ്ടായിരുന്നത്. കാലം ഏറെ ചെന്നതോടെ ആധുനിക സൗകര്യങ്ങളോടെ പുതിയ പോലീസ് സ്റ്റേഷന് ചന്തക്കവലക്കടുത്തായി വന്നു. അതോടെ പഴയ പോലീസ് സ്റ്റേഷന് വിസ്മരിക്കപ്പെട്ടു. ഇന്ന് പോലീസ് സ്റ്റേഷന് ഇടതൂര്‍ന്ന കാടുകള്‍ക്ക് നടുക്കായി സാമൂഹ്യവിരുദ്ധരുടെ ഭരണത്തിലാണ്. ജനങ്ങള്‍ക്ക് അപ്രാപ്യമായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിസിറ്റി ഓഫീസ് ഈ കെട്ടിടം പുതുക്കിപണിത് ഇതിലേക്ക് മാറ്റുകയോ കാടുകള്‍ വെട്ടിതെളിച്ച് പഴയ പോലീസ് സ്റ്റേഷന് പുതുക്കി അറ്റകുറ്റിപണി നടത്തി പൈതൃകമായി നിലനിര്‍ത്തുകയോ ചെയ്താല്‍ ടൂറിസത്തിന് മുതല്ക്കൂട്ടാകുമെന്നതിനൊപ്പം ജനങ്ങള്‍ക്കും ഉപകാരപ്രദമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: