575. വൃന്ദാഃ – വൃന്ദാദേവി. തുളസി എന്ന 568-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ തുളസിയുടെ ശരീരം ദ്രവിച്ച് ഗണ്ഡകീ നദിയാകുമെന്നും തലമുടി തുളസിച്ചെടിയാകുമെന്നും വിഷ്ണുഭഗവാന്‍ അനുഗ്രഹിച്ച കാര്യം പറഞ്ഞിരുന്നു. ദേവിയുടെ കേശഭാരം വായുദേവനും വരുണദേവനും ലോകത്തിന്റെ പല ഭാഗത്തും എത്തിച്ചു. മുടി വീണയിടത്തെല്ലാം സുഗന്ധമുള്ള തുളസിച്ചെടികളുണ്ടായി.
ശാരീരികവും മാനസികവുമായ സകല രോഗങ്ങള്‍ക്കും ഔഷധവും സര്‍വപാപഹരവുമായ തുളസിച്ചെടി ഓരോ മുടിയിഴയിലും നിന്ന് കൂട്ടമായി ഉണ്ടായതുകൊണ്ട് അതിനു വൃന്ദാ എന്നുപേരുണ്ടായി. കൂട്ടമായി ഉണ്ടായവള്‍ എന്നു പദാര്‍ത്ഥം.
ജലന്ധരന്‍ എന്ന അസുരന്റെ ഭാര്യയായിരുന്നു വൃന്ദാ തുളസീദേവിയുടെ അംശാവതാരമായിരുന്നുവെന്നും അഭിപ്രായമുണ്ട്.
576. വൃന്ദാവനീഃ – വൃന്ദാവനത്തില്‍ തുളസിച്ചെടികളുടെ കൂട്ടമായി അവതരിച്ചവള്‍. യമുനാതീരത്തുള്ള വൃന്ദാവനം ശ്രീകൃഷ്ണനും ഗോപാല ബാലന്മാര്‍ക്കും ഗോപസ്ത്രീകള്‍ക്കും ഇഷ്ടപ്പെട്ട ക്രീഡാരംഗമായിരുന്നു. ശ്രീകൃഷ്ണന്റെ ബാലലീലകള്‍ മിക്കതും വൃന്ദാവനത്തിലാണ് നടന്നത്. ഭഗവാന് ഇഷ്ടപ്പെട്ട തുളസിച്ചെടികള്‍ കൂട്ടമായി വളരുന്ന പ്രദേശമായതുകൊണ്ടാണ് ആ പ്രദേശത്തിന് തുളസിക്കാട് എന്നര്‍ത്ഥമുള്ള വൃന്ദാവനം എന്നപേരുണ്ടായത്. വൃന്ദാവനത്തില്‍ കൂട്ടമായി വളരുന്നതിനാല്‍ വൃന്ദാവനി എന്നു തുളസിച്ചെടിക്കു പേര്.
… തുടരും
















