573. മാതാ – മാതാവ്, അമ്മ. ”മാതാ മാനനീയാ”(മാനിക്കപ്പെടേണ്ടവള്‍ മാതാവ്)എന്നാണ് യാസ്‌കാചാര്യരുടെ നിരുക്തം. ജനിപ്പിക്കുന്നവളും രക്ഷിക്കുന്നവളുമായ അമ്മയെക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നവളായി മറ്റാരാണുള്ളത്. ”മാതാ സര്‍വഭൂര നിര്‍മാത്രീ”(എല്ലാത്തിനെയും നിര്‍മ്മിക്കുന്നവള്‍(ജനിപ്പിക്കുന്നവള്‍- മാതാവ്) എന്നാണ് ദുര്‍ഗ്ഗാചാര്യരുടെ നിര്‍വചനം. ”മാതി സര്‍വം ഇതി മാതാ” (എല്ലാം അളന്നറിയുന്നവള്‍ മാതാവ്) എന്നു മറ്റൊരു ആചാര്യന്‍. എല്ലാ ജീവികളുടെയും എല്ലാ പ്രവര്‍ത്തികളും ചിന്തകളും അളന്നറിയുകയും അവയ്‌ക്ക് അര്‍ഹമായ പുണ്യപാപങ്ങള്‍ വിതരണം ചെയ്യുകയും ലോകേശ്വരിയായ ദേവിയുടെ പ്രവര്‍ത്തനമാണ്.
ശാക്തേയ തന്ത്രവുമായി ബന്ധപ്പെട്ട ഒരു സൂക്തം സ്ഥാപിക്കുന്നത് ലോകത്തിന് ഒരേ ഒരു അമ്മയേ ഉള്ളൂ എന്നാണ്. ആ അമ്മ വേറെ സ്ത്രീകളുടെ രൂപത്തില്‍ വേറെ വേറെ ശിശുക്കളെ പ്രസവിക്കുകയും വാത്സല്യത്തൊടെ വളര്‍ത്തുകയും തന്റെ സന്താനങ്ങളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി അര്‍ഹിക്കുന്ന പ്രതിഫലം സുഖദുഃഖങ്ങളുടെ രൂപത്തില്‍ കൊടുക്കുകയും ചെയ്യുന്നു. എല്ലാ കര്‍മ്മഫലങ്ങളും അമ്മയ്‌ക്കര്‍പ്പിച്ചു പ്രവര്‍ത്തിക്കുന്നവരെ അമ്മ നിയമക പദവികളിലേയ്‌ക്കുയര്‍ത്തുന്നു.
സര്‍വ പ്രപഞ്ചത്തിനും മാതാവായ പരാശക്തിയാണ് മൂകാംബികാദേവി.
















