മരട്: ലക്ഷങ്ങള്‍ വിലമതിക്കുന്ന കസ്തൂരി അനധികൃതമായി വില്ക്കുവാന് ശ്രമിച്ച ഏഴംഗസംഘം പിടിയില്‍. 29ഗ്രാം തൂക്കംവരുന്ന രോമത്തോടും തോലോടുംകൂടിയ സംസ്കരിക്കാത്ത കസ്തൂരി അടങ്ങിയ കസ്തൂരിമാനിന്റെ അവയവവും പോലീസ് കണ്ടെടുത്തു. കസ്തൂരി വില്‍ക്കുവാനായി ചിലര്‍ കണ്ണാടിക്കാടുള്ള ആഡംബരഹോട്ടലില്‍ ഒത്തുകൂടുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍ക്ക് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് ഹോട്ടലും പരിസരവും രണ്ടുദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് ഇന്നലെ രണ്ടുകാറുകളിലായി ഏഴംഗസംഘം ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു പോലീസ് ഇവരെ വളഞ്ഞു പിടികൂടിയത്. കായംകുളം എരുവ ഈസ്റ്റ് പുത്തന്‍പുരയ്ക്കല്‍ റെനിഷ് (33), പാലക്കാട് കോഴിക്കര പല്ലത്ത് വീട്ടില്‍ മെഹദി ഉമ്മര്‍ (35), പാലക്കാട് എരുവക്കാട് ഹുസൈയത്ത് വീട്ടില്‍ റഫീക്ക് (37), കോഴിക്കോട് ഫാറൂഫ് തറമേല്‍ ചാമയില്‍ ജമാലുദ്ദീന്‍ (37), കായംകുളം പെരിങ്ങോല പോളഭാഗത്ത് വീട്ടില്‍ വിനോദ്കുമാര്‍ (35) എന്നിവരെ എറണാകുളം സൗത്ത് സിഐ സിബി ടോം, മരട് എസ്ഐ എ.ബി. വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തു.
70 ലക്ഷം രൂപയ്ക്കാണ് പ്രതികള്‍ കൈയ്യിലുള്ള കസ്തൂരി വില്‍ക്കുവാനായി കച്ചവടം ഉറപ്പിച്ചിരുന്നത്. ഒരു ഗ്രാം കസ്തൂരിക്ക് മതിപ്പുവില 1500 രൂപയോളംവരും. സുഗന്ധ ദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിനും മരുന്നുകളുടെ ഉത്പാദനത്തിലുമാണ് കസ്തൂരി ഉപയോഗിക്കുന്നത്. ഒന്നാംപ്രതിയായ മൂവാറ്റുപുഴ കടവൂര്‍ സ്വദേശിയുടെ പക്കലാണ് കസ്തൂരി ഉണ്ടായിരുന്നത്. കുമളിയിലുള്ള ഇയാളുടെ സുഹൃത്താണ് കസ്തൂരി ഇയാള്‍ക്ക് നല്‍കിയത് എന്ന് പോലീസിനു മൊഴിനല്‍കിയത്. പ്രതികളേയും പിടിച്ചെടുത്ത കസ്തൂരിയും തുടര്‍നടപടിക്കായി എരുമേലി റെയ്ഞ്ച് ഓഫീസിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: