പള്ളുരുത്തി: കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തി ചികിത്സയും രാത്രികാല പരിചരണവും ഉറപ്പുവരുത്തുമെന്ന് എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് അറിയിച്ചു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാരം തുടരുന്ന സാഹചര്യത്തിലാണ് എംഎല്‍എ മുന്‍കയ്യെടുത്ത് ജനപ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തത്.
സ്റ്റാഫ് പാറ്റേണ്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനം വേണമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. രണ്ട് ഡോക്ടര്‍മാരെ ഇപ്പോള്‍ നിയമിച്ചിട്ടുണ്ടെന്നും ഇവരുടെ സേവനം തുടര്‍ന്ന് ഉറപ്പാക്കുമെന്നും എംഎല്‍എ യോഗത്തില്‍ അറിയിച്ചു. വര്‍ക്കിംഗ് അറേഞ്ച്മെന്റായി രണ്ട് ജീവനക്കാരെക്കൂടി ഇപ്പോള്‍ നിയമിക്കും. സ്റ്റാഫ് പാറ്റേണ്‍ കാര്യം ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയ കക്ഷികളുടെയും സമരസമിതിയുടെയും പ്രതിനിധികളോടൊപ്പം മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കും.
ആശുപത്രിക്കായി ഒരു ആംബുലന്‍സ് അനുവദിക്കും. എക്സ്-റേ യൂണിറ്റിനായി പണം അനുവദിക്കാമെന്ന് എംഎല്‍എ ഉറപ്പുനല്‍കി. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ജനകീയസമിതി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ പി.എ. ഷണ്മാതുരന് പറഞ്ഞു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാംബിക, എം.പി. രത്തന്‍, സൂസന് ജോസഫ്, ബിജെപിയെ പ്രതിനിധീകരിച്ച് എന്‍.എല്‍. ജയിംസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശിവദത്തന്‍, ഡിഎംഒ ഇന്‍ചാര്‍ജ്ജ് ഡോ. ജയശ്രീ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: