മരട്: സഹപ്രവര്‍ത്തകരായ കൗണ്‍സിലര്‍മാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ. ദേവരാജന്‍. കൗണ്‍സില്‍ യോഗതീരുമാനങ്ങളില്‍ കൃത്രിമം കാട്ടിയാണ് ആളുകളെ വിഡ്ഡികളാക്കിയത്. ഇതറിഞ്ഞ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന നഗരസഭായോഗം അലങ്കോലമായി.
2014 ആഗസ്റ്റ് 27 ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗതീരുമാനത്തിന്റെ മിനിട്സില്‍ ആറാം നമ്പറായി ‘മരട് നഗരസഭ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഇല്ല’ എന്നു ഏകകണ്ഠമായി പാസ്സായ പ്രമേയമായി എഴുതിച്ചേര്‍ത്താണ് കൃത്രിമം കാട്ടിയത്. എന്നാല്‍ ഇങ്ങനെ ഒരു ചര്‍ച്ചപോലും അന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ നടന്നിട്ടുമില്ല. നഗരസഭ കൗണ്‍സിലര്‍മാര്‍ ഇതു കയ്യോടെ പിടികൂടുകയായിരുന്നു.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ പി.ഡി. രാജേഷ് ഈ വിഷയം തെളിവു സഹിതം ഉന്നയിക്കുകയായിരുന്നു. അപ്പോഴാണ് മറ്റു കൗണ്‍സിലര്‍മാരും ഈ വിഷയം അറിയുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായ ചെയര്‍മാനെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും രംഗത്തെത്തുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് ആരോപിച്ച് അവരുടെ തലയില്‍ കുറ്റം ചുമത്തുകയായിരുന്നു നഗരസഭാ ചെയര്മാന്.
ഉദ്യോഗസ്ഥര്‍ എഴുതിയ മിനിട്സ് രണ്ടു വട്ടം പരിശോധിച്ച് ഒപ്പു വെക്കുന്ന ചെയര്മാന് അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് മിനിട്സില്‍ തിരിമറി നടത്താനാവില്ല എന്ന് പ്രതിപക്ഷവും ആരോപിച്ചു. തുടര്‍ന്ന് അന്നത്തെ ആറാം നമ്പര്‍ പ്രമേയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പ്രധാന അജണ്ടയായി വെച്ച് റദ്ദ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
നെട്ടൂര്‍, കുണ്ടന്നൂര്‍, കണ്ണാടിക്കാട്, മരട്, വളന്തകാട് എന്നീ കണ്ടല്‍ക്കാടുകള്‍ ധാരാളമുള്ള മരട് നഗരസഭാ പ്രദേശങ്ങളില്‍ കണ്ടല്ക്കാടില്ല എന്നു ഭരണപക്ഷവും പ്രതിപക്ഷവും കൂടി പ്രമേയം പാസ്സാക്കിയാല്‍ കണ്ടല്‍ക്കാടുകള്‍ ഇല്ലാതാകുമോ എന്നു നാട്ടുകാരും ചോദിക്കുന്നു. അതീവ പ്രാധാന്യമുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളായ സിആര്‍ഇസഡ് ഒന്നിലും മൂന്നിലും പെട്ട മരട് നഗരസഭ പ്രദേശം നിയമങ്ങള്‍ അട്ടിമറിച്ച് വന്‍കിട റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ബിജെപി യും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: