അമ്പലപ്പുഴ: കടല്‍ വിഴുങ്ങിയ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകയാതനയില്‍. പുറക്കാട് മണയ്ക്കല്‍ പാടശേഖരത്ത് ഇവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുടില്‍ കെട്ടി സമരത്തിലേക്ക്. കടല്‍ക്ഷോഭം ഏറ്റവും കൂടുതല്‍ നാശം വിതച്ച പുറക്കാട് പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലെ അറുപതോളം കുടുംബങ്ങള്‍ക്ക് ഇവിടെ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
നിലവില്‍ കരൂര്‍ ഗവ. എല്‍പിഎസ്, പഴയങ്ങാടി കരിനില വികസന ഏജന്‍സി, പുറക്കാട് എസ്ഡിവി യുപിഎസ് എന്നിവിടങ്ങളിലാണ് കിടപ്പാടം നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങള്‍ നരകയാതന അനുഭവിക്കുന്നത്. വാഗ്ദാനങ്ങളില്ലാതെ ഇവരെ പുനഃരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇടതു-വലതു മുന്നണികള്‍ ഇവരുടെ പേരുപറഞ്ഞ് രാഷ്ട്രീയ വിലപേശലുകള്‍ നടത്തുന്നതിനെതിരെയുമാണ് ബിജെപി രംഗത്തെത്തിയത്.
20 വര്‍ഷങ്ങള്‍ മുമ്പ് സ്മൃതിവനം എന്ന പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മണയ്ക്കല്‍ പാടശേഖരത്താണ് ബിജെപി പുനഃരധിവാസം ആവശ്യപ്പെടുന്നത്. ആകെയുള്ള 650 ഏക്കറില്‍ 445 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 445 ഏക്കറില്‍ നിന്നും 80 ഏക്കര്‍ ഐടി വകുപ്പിന് കൈമാറി. ഇതില്‍ എട്ടേക്കറോളം കല്‍ക്കെട്ട് കെട്ടി നികത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ ദുരിതബാധിതരെ പുനഃരധിവസിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ഇതിനായി 23ന് സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ഇവിടെ കുടില്‍ കെട്ടി സമരം നടത്താന്‍ ബിജെപി തീരുമാനിച്ചതായി അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പി. ലിജു, പുറക്കാട് പഞ്ചായത്ത് കമ്മറ്റി നേതാക്കളായ അജു പാര്‍ത്ഥസാരഥി, എം. രാജന്, ഗോപിദാസ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: