കാഞ്ഞിരപ്പള്ളി: മുന്‍ പഞ്ചായത്ത് പ്രസിഡന്റും 22-ാം വാര്‍ഡ് മെമ്പറുമായ ബേബി വട്ടയ്ക്കാട്ട് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ നടപ്പിലാക്കിയ ഭൂജലവകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതി നടത്തുന്നതായി ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വി.നാരായണന് ആരോപിച്ചു. ഈ പദ്ധതിക്കായി 15,45,000 രൂപ അനുവദിക്കുകയും 12,82,054 ചിലവാക്കുകയും ചെയ്ത ആക്കാട്ട് കുടിവെള്ള പദ്ധതി ഗുണഭോക്തൃ വിഹിതം ഇല്ലാതെ തന്നെ വീടുകളില്‍ ടാപ്പുള്പ്പെടെ കണക്ഷന് നല്‍കേണ്ടതുമാണ്. ഈ പദ്ധതിക്ക് ഗുണഭോക്തൃ വിഹിതം അടയ്ക്കേണ്ടതില്ലെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം ഭൂജലവകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ 2015 മെയ് 3ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എംഎല്‍എയും മറ്റ് ജനപ്രതിനിധികളും പോയതിനുശേഷം, പട്ടികജാതി വിഭാഗം 2500 രൂപ വീതവും, ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ 3000 രൂപ വീതവും മറ്റു കണക്ഷനുകള്‍ക്ക് 4500 രൂപ വീതവും ഓരോ ഗുണഭോക്താവും പദ്ധതിക്കുവേണ്ടി അടയ്ക്കണമെന്ന് മെമ്പര്‍ ആവശ്യപ്പെട്ടു. മെയ് 14ന് നടന്ന ഗ്രാമസഭയില്‍ ഗുണഭോക്താക്കള്‍ വിഹിതത്തെ എതിര്‍ത്തപ്പോള്‍ എല്ലാവരും 3,000 രൂപ വീതം അടച്ചാല്‍ മതിയെന്ന് മെമ്പര്‍ ഗ്രാമസഭയില്‍ അറിയിച്ചു.
പദ്ധതി തുടങ്ങി ഒരു വര്‍ഷക്കാലം വരെയുള്ള അറ്റകുറ്റപ്പണികള്‍ ഭൂജലവകുപ്പില്‍ നിന്നും വഹിക്കുമെന്നിരിക്കെ കറണ്ടുചാര്ജ്ജിനും മറ്റുമായി ഒരംഗത്തില് നിന്ന് പ്രതിമാസം 100 രൂപയില്‍ താഴെ മാത്രം മതിയെന്നിരിക്കെയാണ് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ വാര്‍ഡ് മെമ്പര്‍ ശ്രമിച്ചത്. ആക്കാട്ട് കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളെ മാത്രം ഉള്‍ക്കൊള്ളിച്ച് സൊസൈറ്റി രൂപീകരിക്കണമെന്ന സ്ഥലം എംഎല്‍എയുടെയും ഭൂജല വകുപ്പിന്റെയും നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തൊണ്ടുവേലി കുടിവെള്ള പദ്ധതിക്കായുള്ള സൊസൈറ്റിയുമായി ബന്ധിപ്പിച്ച് അഴിമതി നടത്താനാണ് മെമ്പര്‍ ശ്രമിക്കുന്നത്. ഈ അഴിമതിയെ എതിര്‍ത്ത ഗുണഭോക്താക്കളോട് ഭീഷണിയും പ്രതികാര നടപടികളും സ്വീകരിച്ചുകൊണ്ടാണ് മെമ്പര്‍ പ്രവര്‍ത്തിക്കുന്നത്.
10 വര്‍ഷങ്ങള്‍ക്കുമുമ്പ് ഏകദേശം 10 ലക്ഷത്തില്‍പരം തുകയുടെ തമ്പലക്കാട് കുടിവെള്ളപദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം അന്നത്തെ ജലസേചന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊണ്ട് നടത്തിച്ചു. ഇതിന്റെപേരിലും അന്ന് മുന്‍കൂറായി ഗുണഭോക്തൃവിഹിതം കൈപ്പറ്റുകയും എന്നാല്‍ നാളിതുവരെ പദ്ധതി പൂര്‍ത്തീകരിക്കാനോ കുടിവെള്ള വിതരണം നടത്തുവാനോ സാധിച്ചിട്ടില്ല. ജനങ്ങളെ തെറ്റുദ്ധരിപ്പിച്ചും വഞ്ചിച്ചും അഴിമതി നടത്തുന്ന ബേബി വട്ടയ്ക്കാട് രാജി വയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വി.നാരായണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എസ്. സോമശേഖരന്‍, വി.വി. സുരേഷ്കുമാര്‍, പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ജയപ്രകാശ് ആക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: