ഈരാറ്റുപേട്ട: സര്‍ക്കാരിന്റെ ഭൂരഹിത കേരളം പദ്ധതിപ്രകാരം പട്ടയം നല്കിയ കര്‍ഷകര്‍ക്ക് പട്ടയവസ്തു കാണിച്ചുകൊടുക്കാനെത്തിയ റവന്യൂ അധികൃതരെ പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ മീനച്ചില്‍ തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍, താലൂക്ക് സര്‍വ്വയര്‍മാര്‍ എന്നിവരെ പട്ടയരഹിതരായ കര്‍ഷകരും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.ഡി. രമണന്, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ആര് ദീപു എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്. ഭൂരഹിത പദ്ധതി പ്രകാരം തീക്കോയി പഞ്ചായത്തിലെ പൂഞ്ഞാര്‍ നടുഭാഗം, തീക്കോയി വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമി ജില്ലയിലെ ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്തിരുന്നു. മൂന്ന് സെന്റുമുതല്‍ 10 സെന്റുവരെയായിരുന്നു ഓരോ കുടുംബത്തിനും അനുവദിച്ചിരുന്നത്. എല്ലാവര്ക്കും 10 സെന്റ് ഭൂമി നല്‍കണമെന്നും കാലങ്ങളായി കൃഷി ചെയ്ത് വീടുവച്ചു താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. നിലവിലെ കൈവശക്കാര്‍ക്ക് ഭൂമിയ്ക്ക് പട്ടയം നല്‍കാതെ തുടര്‍ നടപടികള്‍ അനുവദിക്കില്ലെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: