കോട്ടയം: മദ്യപിച്ചെത്തിയ ആള് ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍മാരും ഹൗസ്സര്ജന്മാരും പണിമുടക്കി. പിജി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സമരമാണ് നടത്തുന്നത്. ഇവരുടെ സമരം ഇന്ന് രാവിലെ അവസാനിക്കും. ഹൗസ് സര്ജന്മാര് രാവിലെ 10 മുതല്‍ 2വരെയുള്ള നാലുമണിക്കൂര്‍ സമയത്താണ് സമരം നടത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇവര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കിയത്.
ഞായറാഴ്ച രാത്രി 11 മണിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയ നീറിക്കാട് നെടുംതൊട്ടിയില്‍ രാഗേഷ് (20) ആണ് സര്‍ജറി വിഭാഗത്തിലെ പിജി ഡോക്ടറായ ഡോ. സന്തോഷിനെ മര്‍ദിച്ചത്. മദ്യപിച്ച് വീണു പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ മദ്യലഹരിയില്‍ ഇയാള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിജി ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് 150ഓളം ഹൗസ് സര്ജന്മാരും ഉച്ചവരെ പണിമുടക്കി. പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും തീവ്രപരിചരണ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും ഒഴിവാക്കിയിരുന്നു.
രാത്രികാലങ്ങളില്‍ മദ്യപിച്ച് എത്തുന്നവര്‍ അത്യാഹിത വിഭാഗത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നേരേ ഭീഷണിയുയര്‍ത്തുന്നതും കൈയേറ്റം ചെയ്യുന്നതും ഇവിടെ നിത്യ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാഗേഷിനെതിരേ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.
അപ്രതീക്ഷിതമായി ഡോക്ടര്‍മാരുടെ പണിമുടക്ക് രോഗികളെ വലച്ചു. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്നൊഴിവാക്കിയെങ്കിലും ആശുപത്രി അനിശ്ചിതാവസ്ഥ അവിടെയെത്തിയ രോഗികള്‍ക്കും ബുദ്ധിമുട്ടുളവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: