തുരുത്തി: ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലില്‍ തുരുത്തി കൃഷ്ണപുരം, തുരുത്തി-വാലടി-കുമരങ്കരി-കിടങ്ങറ റോഡുകളിലൂടെ ഉള്ള യാത്ര ജനത്തിന് ദുരിതപൂര്‍ണ്ണമാകുന്നു. വീതി കുറഞ്ഞ് വളവുകള്‍ ഏറെയുള്ള ഈ റോഡിലൂടെ വേഗപ്പൂട്ടുകള്‍ ഒന്നും ഇല്ലാതെയാണ് ടിപ്പറുകളുടെയും ടോറസുകളുടെയും മരണപ്പാച്ചില്‍. ചങ്ങനാശേരി, കറുകച്ചാല്‍, മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും മണ്ണും മറ്റ് നിര്‍മ്മാണ വസ്തുക്കളുമായാണ് ലോറികളുടെ ഈ പാച്ചില്‍. അതാത് വണ്ടികളിലെ ഡ്രൈവര്‍മാര്‍ക്ക് ഓടുന്ന ട്രിപ്പുകള്ക്കനുസരിച്ചാണ് തുക ലഭിക്കുന്നത്. എത്രയും കൂടുതല്‍ ട്രിപ്പ് എടുക്കാന്‍ നോക്കുന്നോ അതനുസരിച്ച പ്രയോജനം കിട്ടുവാന്‍ വേണ്ടി മറ്റുള്ള വാഹനങ്ങളെയോ ആളുകളെയോ വകവയ്ക്കാതെ ഈ മരണവണ്ടികള്‍ കുതിച്ചു പായുകയാണ്.
ചങ്ങനാശേരി താലൂക്കിന്റെയും കുട്ടനാട് താലൂക്കിന്റെയും അതിര്‍ത്തിപ്രദേശങ്ങളായ ഈ ഭാഗത്ത് പോലീസ് പരിശോധനയും കുറവാണ്. അഥവാ പരിശോധന നടന്നാല്‍തന്നെ ഈ കാര്യത്തില്‍ ഡ്രൈവര്‍മാരെല്ലാം ഒന്നായിനിന്ന് മൊബൈല്‍ വഴി പരസ്പരം വിവരങ്ങള്‍ അറിയിക്കും. ഇങ്ങനെ അവര്‍ പരിശോധനയില്‍നിന്ന് രക്ഷപെടുന്നത് നിത്യസംഭവമാണ്. ചില പോലീസുകാര്‍ ഇവര്‍ക്ക് ഒത്താശ നല്‍കുന്നുണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.
കാര്‍ യാത്രികരെയും ഇരുചക്രവാഹനങ്ങളെയും പടികൂടുന്ന പോലീസ് ടോറസുകള്‍ക്കും ടിപ്പറുകള്‍ക്കും നേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. രണ്ട് സൈഡും പാടശേഖരങ്ങളാല്‍ ഉള്ള റോഡില്‍ക്കൂടി ഈ വണ്ടികളുടെ മരണപ്പാച്ചില്മൂലം റോഡിന്റെ ടാറിങ് ഇളകി താഴ്ന്നുപോകുകയും ചെയ്യുന്നു. പല സ്ഥലങ്ങളിലും കുണ്ടും കുഴിയുമായി അപകട ഭീഷണിയിലാണ്.
പാടശേഖരങ്ങള്‍ ഉള്ള ഭാഗത്ത അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നുണ്ട്. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതിക്ക് രൂപംകൊടുക്കുവാനുളള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: