ഭഗവാന്റെ അരുള്‍
ഭക്തിയോടുകൂടി കൗസല്യ ഇങ്ങനെ സ്തുതിച്ചപ്പോള്‍ സന്തുഷ്ടനായ ഭക്തവത്സലനും പുരുഷോത്തമനുമായ ഭഗവാന്‍ ഇപ്രകാരം അരുളിച്ചെയ്തു. ”ഹേ, മാതാവേ, അവിടത്തേക്ക് എന്താണോ ഇഷ്ടം അതുതന്നെ സംഭവിക്കും. ഒരു വ്യത്യാസവും അതിനുണ്ടാകുകയില്ല. അഹങ്കാരിയായ രാവണനെക്കൊന്ന് ലോകത്തിനു സന്തോഷമുണ്ടാക്കണമെന്ന് പണ്ട് ബ്രഹ്മാവ്, ശിവന്‍ തുടങ്ങിയ ദേവശ്രേഷ്ഠന്മാര്‍ എന്നെ സ്തുതിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാനിപ്പോള്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ നിങ്ങളുടെ പുത്രനായി പിറന്നിരിക്കുകയാണ്.
പൂര്‍വജന്മത്തില്‍ നിങ്ങള്‍ കശ്യപനും അദിതിയുമായിരുന്നപ്പോള്‍ ഞാന്‍ പുത്രനായി പിറക്കണമെന്നാഗ്രഹിച്ച് വളരെക്കാലം തപസ്സുചെയ്തു. അതിന്റെ ഫലമായിട്ടാണ് ഞാനിപ്പോള്‍ നിങ്ങളുടെ പുത്രനായി വന്നത്. അതുകൊണ്ടാണ് ഇപ്രകാരം വിഷ്ണുചിഹ്നങ്ങളോടുകൂടിയ രൂപത്തെ കാട്ടിത്തന്നതും. എന്റെ ഈ രൂപദര്‍ശനം വളരെ ദുര്‍ലഭമാണ്. ഈ ദര്‍ശനം തന്നെ മോക്ഷത്തിനു കാരണമാണ്.
നിങ്ങള്‍ക്കിനി സംസാരദുഃഖമുണ്ടാകുകയില്ല. എന്റെയീ രൂപംതന്നെ നിത്യവും ധ്യാനിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്കു മോക്ഷം സിദ്ധിക്കുമെന്നതിനു സംശയമില്ല. ”എന്നു പറഞ്ഞ് ഭഗവാന്‍ സ്വന്തം ദിവ്യരൂപത്തെ മറച്ചു. സാധാരണ ശിശുവായി കൈകാല്‍ കുടഞ്ഞ് കരയാന്‍ തുടങ്ങി. മായാദേവി തന്റെ പ്രഭാവം കൊണ്ട് കൗസല്യയുടെ മനസ്സിനെ മൂടി. അവര്‍ കണ്ടതൊക്കെ മറക്കുകയും ചെയ്തു. പുത്രന്‍ ഭഗവാനാണെന്ന കാര്യമേ മറന്നു!
ജാതകര്‍മ്മങ്ങളും നാമകരണവും
വളരെക്കാലത്തെ കാത്തിരിപ്പുനുശേഷം പുത്രന്മാരുണ്ടായ സന്തോഷം കൊണ്ട് ദശരഥ മഹാരാജാവ് ഭൃത്യന്മാര്‍ക്കെമെല്ലാം വാരിക്കോരി സമ്മാനങ്ങള്‍ നല്‍കി. ആചാര്യന്മാരെ വരുത്തി യഥാവിധി ജാതകര്‍മ്മങ്ങള്‍ ചെയ്തു. സ്വര്‍ണ്ണം, രത്‌നം, ഗ്രാമങ്ങള്‍, വസ്ത്രം തുടങ്ങിയവ അന്തമില്ലാതെ സര്‍വ്വര്‍ക്കും കൊടുത്തു. അന്നവും വസ്ത്രവും എല്ലാവര്‍ക്കും ദാനം ചെയ്തു. അയോദ്ധ്യയിലെയും ഭൂമിയിലെയും മനുഷ്യര്‍ക്കു മാത്രമല്ല. ദേവലോകത്തും മഹോത്സവമായിരുന്നു. ദേവേന്ദ്രന്റെ ആയിരം കണ്ണുകളും തെളിഞ്ഞു.
വസിഷ്ഠ മഹര്‍ഷിയാണ് കുഞ്ഞുങ്ങള്‍ക്ക് നാമകരണം നടത്തിയത്. മൂത്തപുത്രനായി അവതരിച്ചിരിക്കുന്നതാരാണെന്ന് നന്നായിട്ടറിയാമായിരുന്നതിനാല്‍ സകല ലോകങ്ങളുടെയും ആത്മാവില്‍ സദാ രമിച്ചുകൊണ്ടിരിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കോമളകുമാരനു രാമന്‍ (ആത്മാരാമന്‍) എന്നുപേരിട്ടു. കൈകേയി പുത്രന്‍ ഭരണനിപുണനായിരിക്കുമെന്ന് ലക്ഷണം കണ്ട് ഭരതന്‍ എന്നും സുമിത്രാ തനയരില്‍ മൂത്തവന്‍ സകല ലക്ഷണങ്ങളുമൊത്തവനായിരുന്നതിനാല്‍ ലക്ഷ്മണന്‍ എന്നുംപേരുനല്‍കി. ശത്രുക്കള്‍ക്ക് കാലനായിരിക്കുമെന്നുതോന്നി നാലാമന് ശത്രുഘ്‌നന്‍ എന്നും പേരിട്ടു.
ബാല്യവും വിദ്യാഭ്യാസവും
എഴുത്തച്ഛന്‍ ഭഗവാന്റെ ബാലലീലകളും വിനോദങ്ങളും ഭാവമധുരമായി വര്‍ണിക്കുന്നു. ബാലക്രീഡാ തല്‍പരന്മാരായ സഹോദരങ്ങളില്‍ രാമനും ലക്ഷ്മണനും സദാ ഒന്നിച്ചുണ്ടാവും. അതേപോലെ ഭരതനെ പിരിയാതെ ശത്രുഘ്‌നനുമുണ്ടായിരിക്കും. പായസം പങ്കുവച്ചതിലെ പ്രതേ്യകത കൊണ്ടാണെന്ന് എഴുത്തച്ഛന്‍.
ശ്യാമള നിറം പൂണ്ട കോമളകുമാരനായ രാമന്‍ കാരുണ്യമാകുന്ന അമൃതം നിറഞ്ഞ കടക്കണ്‍ നോട്ടവും, അസ്പഷ്ടാക്ഷരങ്ങളോടുകൂടിയ കിളിക്കൊഞ്ചലാകുന്ന അമൃതം കൊണ്ട് എല്ലാവരേയും ആകര്‍ഷിക്കുന്ന ശരീരമൃദുത്വംകൊണ്ടും മനോഹരമായ ചെറു പല്ലുകള്‍ കാണത്തക്കവിധമുള്ള പുഞ്ചിരിയുടെ ശോഭ കൊണ്ടും ചെമ്പരത്തിപ്പൂപോലെയുള്ള ചുണ്ടുകൊണ്ട് ചുംബനരസം നല്‍കിയും നിലത്തു കാലുറയ്‌ക്കാതെയുള്ള നടത്തം കൊണ്ടും മനസ്സിനെ ആകര്‍ഷിക്കുന്ന വിവിധ ചേഷ്ടകള്‍കൊണ്ടും അച്ഛനും അമ്മമാര്‍ക്കും നഗരവാസികള്‍ക്കും നീ നല്‍കി.
എന്നാല്‍ വാല്മീകി ഇങ്ങനെയാണ് ബാലകരെകുറിച്ചു പറയുന്നത്.
”അവര്‍ എല്ലാവരും പണ്ഡിതന്മാരും ഗുണവാന്മാരും ആയിരുന്നു. അതില്‍തന്നെ അത്യധികം തേജസ്വിയും സത്യസന്ധനുമായ രാമന്‍ കളങ്കരഹിതനായ ചന്ദ്രനെപോലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആനപ്പുറത്തും കുതിരപ്പുറത്തും സവാരി ചെയ്യുന്നതിലും വളരെ പ്രശസ്തനായിരുന്നു. ആ രാമന്‍ ധനുര്‍വ്വേദം അഭ്യസിക്കുന്നതിലും പിതാവിനെ ശുശ്രൂഷിക്കുന്നതിലും ഒരേപോലെ തത്പരനായിരുന്നു. ഐശ്വര്യത്തെ വളര്‍ത്തുന്ന ലക്ഷ്മണന്‍ ചെറുപ്പം മുതല്‍ തന്നെ ജ്യേഷ്ഠസഹോദരനായ രാമന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു. പുരുഷശ്രേഷ്ഠനായ രാമന് ലക്ഷ്മണനെപിരിഞ്ഞ് ഉറങ്ങുവാന്‍പോലും കഴിഞ്ഞിരുന്നില്ല.
രാമന്‍ കുതിരപ്പുറത്തു കയറി കാട്ടില്‍ നായാട്ടിനു പോകുമ്പോള്‍ ലക്ഷ്മണന്‍ വില്ലെടുത്ത് പിന്നാലെ പോയിരുന്നു. ലക്ഷ്മണന്റെ അനുജനായ ശത്രുഘ്‌നന്‍ ഭരതന് പ്രാണനെപോലെ പ്രിയപ്പെട്ടവനും എന്നും സന്തോഷം ജനിപ്പിക്കുന്നവനുമായിരുന്നു.
വേദസംബന്ധിയായ ഗ്രന്ഥങ്ങള്‍ അദ്ധ്യയനം ചെയ്യുന്നതിലും ആയുധവിദ്യ പഠിപ്പിക്കുന്നതിലും അത്യന്തം ശ്രദ്ധാലുക്കളുമായിരുന്നു. വസിഷ്ഠനില്‍ നിന്നായിരുന്നു വേദശാസ്ത്രങ്ങള്‍ അഭ്യസിച്ചത്. നാലുവേദങ്ങള്‍. ശിക്ഷ, കല്പം, ഛന്ദസ്സ്, നിരുക്തം,വ്യാകരണം, ജ്യോതിഷം എന്നീ ആറു വേദാംഗങ്ങള്‍, പുരാണം, ന്യായം, മീമാംസ, ധര്‍മശാസ്ത്രം എന്നീ ഉപാംഗങ്ങള്‍, മനുസ്മൃതി, പരാശരസ്മൃതി തുടങ്ങിയ സ്മൃതികള്‍ തുടങ്ങിയവയെല്ലാം യാതൊരു ബുദ്ധിമുട്ടും കൂടാതെ കരസ്ഥമാക്കി. അവയെല്ലാം തന്റെ തന്നെ ശ്വാസങ്ങള്‍ തന്നെയാണല്ലോ ധനുര്‍വിദ്യ അഭ്യസിപ്പിച്ചത്സുധന്വാവ്.
നിത്യവൃത്തികള്‍
നിത്യവും പുലര്‍കാലത്തുതന്നെ എണീറ്റ് കുളിച്ച് പുലര്‍കാല വന്ദനവും വേദം ചൊല്ലലും കഴിച്ച് മാതാപിതാക്കളുടെ പാദങ്ങളില്‍ നമസ്‌ക്കരിക്കും. അതുകഴിഞ്ഞ് അനുജന്മാരോടുകൂടി പൗരജനങ്ങളുടെ പരാതികള്‍ കേള്‍ക്കും. രാജനീതിക്കു കോട്ടം വരാതെ നീതി ശാസ്ത്രമനുസരിച്ച് ഭരണകാര്യങ്ങളില്‍ പിതാവിനെ സഹായിക്കും. പിന്നീട് ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്ന് സന്തുഷ്ടിയോടെ ഇഷ്ടഭക്ഷണം കഴിക്കും തുടര്‍ന്ന് ധര്‍മ്മശാസ്ത്രങ്ങളും പുരാണേതിഹാസങ്ങളും കേള്‍ക്കാനിരിക്കും.
നിത്യവും പുരാണപാരായണവും മറ്റും നടത്തുന്നത് മനസ്സിനെ സദാ സാത്വിക ഭാവത്തില്‍ നിറുത്താന്‍ സഹായിക്കും. സാക്ഷാല്‍ പരമനും പരമാത്മാവുമായ ഭഗവാന്‍ ഇങ്ങനെ ചെയ്യുന്നത് മനുഷ്യജന്മമെടുത്തവര്‍ക്കു മാതൃക കാണിക്കാനാണ്. മക്കള്‍ നാലുപേരും ജ്ഞാനികളും സര്‍വഗുണ സമ്പന്നരും ലജ്ജാലുക്കളും പ്രസിദ്ധരും എല്ലാം അറിയുന്നവരും ദീര്‍ഘദര്‍ശികളും ആയിത്തീര്‍ന്നപ്പോള്‍ ബ്രഹ്മാവ് ദേവന്മാരെക്കൊണ്ടെന്നപോലെ ദശരഥന്‍ വളരെ സന്തോഷിച്ചുവെന്ന് വാല്മീകി രാമായണത്തില്‍ പറയുന്നു.
…തുടരും
















