572. സര്‍വസിദ്ധേശ്വരീ – എല്ലാ സിദ്ധന്മാര്‍ക്കും ഈശ്വരിയായവള്‍. സിദ്ധന്‍ എന്ന പദത്തെ രണ്ടര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാം.
1. ദേവയോനികളുടെ ഒരു വര്‍ഗ്ഗം
”വിദ്യാധരാപ്‌സരോ യക്ഷരക്ഷോ ഗന്ധര്‍വക്കിന്നരാഃ പിശാചോ ഗുഹ്യകസ്സിദ്ധോ ഭൂതോമീ ദേവയൊനയഃ” (വിദ്യാധരന്‍, അപ്‌സരസ്സുകള്‍, യക്ഷര്‍, രക്ഷസ്സുകള്‍, ഗന്ധര്‍വര്‍, കിന്നരര്‍, പിശാചര്‍, ഗുഹ്യകര്‍, സിദ്ധര്‍ എന്നിവര്‍ ദേവയോനികളാകുന്നു. അമരകോശം 1-12.
മനുഷ്യരില്‍ ചിലര്‍ സുദീര്‍ഘമായ അദ്ധ്വാനവും ഭക്തിയും കൊണ്ട് മനുഷ്യസാധാരണമല്ലാത്ത കഴിവുകള്‍ നേടാറുണ്ട്. ആ കഴിവുകളെ സിദ്ധികള്‍ എന്നുപറയും.
”അണിമാ മഹിമാ ചൈവ ലഘിമാ ഗരിമാ തഥാ
ഈശിത്വം ച വശിതാം ച പ്രാപ്തി പ്രകാശ്യമേവച”
(അണിമാ, മഹിമാ, ലഘിമാ, ഗരിമാ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം) എന്നിവ അഷ്ടസിദ്ധികള്‍. അമരകോശം 1-44.
1. അണിമാ- എത്രവേണമെങ്കിലും ചെറുതാകാനുള്ള കഴിവ്; 2. മഹിമാ- എത്രവേണമെങ്കിലും വലുതാകാനുള്ള കഴിവ്; 3. ലഘിമാ- ശരീരഭാരം എത്രവേണമെങ്കിലും കുറയ്‌ക്കാനുള്ള കഴിവ്; 4. ഗരിമാ- ശരീരഭാഗം ഇഷ്ടംപോലെ വര്‍ദ്ധിപ്പിക്കാനുള്ള കഴിവ്; 5. ഈശിത്വം- തന്റെ നിര്‍ദ്ദേശവും തീരുമാനവും മറ്റെല്ലാരും അനുസരിക്കുന്ന സ്ഥിതി; 6. വശിത്വം- ആരെയും സ്വാധീനിക്കാനുള്ള കഴിവ്; 7. പ്രാപ്തി- മറ്റുള്ളവര്‍ക്കു ചെയ്യാന്‍ കഴിവില്ലാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്. ഉദാ- പര്‍വതം എടുത്തുയര്‍ത്തുക; 8. പ്രാകാശ്യം- എപ്പോള്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനുള്ള കഴിവ്.
ഈ സിദ്ധികളില്‍ ഒന്നോ അധികമോ നേടിയവന്‍ സിദ്ധന്‍. ദേവയോനികളായ സിദ്ധര്‍ക്കും സിദ്ധിനേടിയ മനുഷ്യര്‍ക്കും ഈശ്വരിയായ മൂകാംബിക സര്‍വസിദ്ധേശ്വരിയാണ്.
… തുടരും
















