കൊച്ചി: കടുത്ത മത്സരത്തിനിടയിലും വിദേശ വിപണികളില്‍ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ മേധാവിത്വം നിലനിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് 14,899.68 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിപണിയിലെത്തിയത്.
ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയില്‍ മുളക് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞവര്‍ഷം 7,55,000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയാണ് സ്പൈസസ് ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിലും ഒന്‍പതു ശതമാനം അധികം സുഗന്ധ വ്യഞ്ജനങ്ങള്‍ കയറ്റുമതിചെയ്തു. 2014 – 15 സാമ്പത്തിക വര്‍ഷം കയറ്റുമതി 8,93,920 ടണ്‍ എത്തി.
അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും പ്രിയം ഇന്ത്യന്‍ മുളകിനു തന്നെയാണ്. 3,47,000 ടണ്‍ മുളകാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷങ്ങളെക്കാള്‍ 11.04 ശതമാനം അധികം മുളകാണ് 2014-15 ല്‍ കയറ്റുമതി ചെയ്തത്. 3,51,710 ലക്ഷം രൂപയുടെ കയറ്റുമതിയിലൂടെ 29.20 ശതമാനം അധിക മൂല്യവും ലഭിച്ചു.
മുളകിനു തൊട്ടുപിന്നില്‍ കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനം ജീരകമാണ്. 1,55,500 ടണ്‍ കയറ്റുമതി ചെയ്യപ്പെട്ട ജീരകം 1,83,820 ലക്ഷം രൂപയുടെ വിദേശനാണ്യം നേടിത്തന്നു. 201314 ല്‍ 1,60,006.45 ലക്ഷം രൂപ വിലമതിക്കുന്ന 1,21,500 ടണ്‍ ജീരകമാണ് കയറ്റുമതി ചെയ്തത്. 25750 ടണ്‍ കയറ്റുമതി ചെയ്യപ്പെട്ട പുതിനയും അനുബന്ധ ഉല്‍പ്പന്നങ്ങളും 2,68,925 ലക്ഷം രൂപയുടെ കയറ്റുമതിക്ക് വഴിയൊരുക്കി.
എണ്ണകളും ഓലിയോ റെസിന്സും ഉള്‍പ്പെടുന്ന മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയാണ്. 11,475 ടണ്‍ കയറ്റുമതിയിലൂടെ 1,91,090 ലക്ഷം രൂപയുടെ വിദേശനാണ്യം ഇവ നേടിത്തന്നു. വിലയില്‍ 10 ശതമാനവും അളവില്‍ ഒരുശതമാനവുമാണ് കയറ്റുമതി വര്‍ദ്ധനവ്.
21,450 ടണ്‍ കയറ്റുമതി ചെയ്യപ്പെട്ട കുരുമുളക് 1,20,842.16 ലക്ഷം രൂപയുടെ വിദേശനാണ്യം നേടി. കയറ്റുമതി വര്‍ദ്ധനവിന്റെ കാര്യത്തില്‍ മഞ്ഞള്‍ മുന്നില്‍ തന്നെയാണ്. 2013-14 ല്‍ 66,675.85 ലക്ഷം രൂപയ്ക്ക് 77,500 ടണ്‍ മഞ്ഞളാണ് കയറ്റുമതി ചെയ്തതെങ്കില്‍ പോയവര്‍ഷം 74,435 ലക്ഷം രൂപയ്ക്ക് 86,000 ടണ്‍ മഞ്ഞള്‍ ഇന്ത്യയില്‍ നിന്ന് വിദേശ വിപണിയിലെത്തി.
വിദേശവിപണിയില്‍ വലിയ ഡിമാന്റുള്ള മറ്റൊരു സുഗന്ധവ്യഞ്ജനം മല്ലിയാണ്. 46,000 ടണ്‍ കയറ്റുമതിയിലൂടെ 49,812.50 ലക്ഷം രൂപയുടെ വിദേശവരുമാനം മല്ലി നേടിത്തന്നു. ചെറിയ ഏലം 49,812 ലക്ഷം രൂപയ്ക്കും വലിയ ഏലം 8403.90 ലക്ഷം രൂപയ്ക്കും കയറ്റുമതി ചെയ്യപ്പെട്ടു. കയറ്റുമതിയുടെ 70 ശതമാനവും മുളക്, ജീരകം, മല്ലി, ഇഞ്ചി എന്നിവയാണ്. എന്നാല്‍ കയറ്റുമതി വരുമാനത്തിന്റെ 70 ശതമാനവും നേടിത്തന്നത്, പുതിന, മുളക്, സുഗന്ധവ്യഞ്ജന എണ്ണകള്‍, ഏലം, കുരുമുളക് എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: