പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ കെഎസ്ആര്‍ടിസി വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ചെയിന്‍ സര്‍വ്വീസ് നിര്‍ത്തി. ഇതുമൂലം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. സ്വകാര്യ കുത്തകകളെ സഹായിക്കാനെന്ന് ആക്ഷേപം. ചെയിന്‍ സര്‍വ്വീസ് നടത്തിയിരുന്ന ബസുകള്‍ മറ്റ് ഡിപ്പോകള്‍ക്ക് കൈമാറിയതായി സൂചന.
പൊന്‍കുന്നം, പാലാ ഡിപ്പോകളില്‍ നിന്നായി 4 വീതം ബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. പുനലൂര്‍ -മൂവാറ്റുപുഴ പാതയുടെ നിര്‍മ്മാണം ആരംഭിച്ചതോടെ ഇതുവഴിയുള്ള ഏറിയ പങ്ക് ഓഡിനറി സര്‍വ്വീസുകളും കെഎസ്ആര്‍ടിസി മുമ്പുതന്നെ നിര്‍ത്തലാക്കിയിരുന്നു. നാമമാത്രമായി ഓടിക്കൊണ്ടിരുന്ന ഏതാനും സര്‍വ്വീസുകള്‍കൂടി കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയതോടെ ഇതുവഴിയുള്ള ഓര്‍ഡിനറി ബസ് സര്‍വ്വീസ് പൂര്‍ണ്ണമായി നിലച്ചു. അപൂര്‍വ്വം ചില ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രമാണ് ഇതുവഴി ഇപ്പോള്‍ കടന്നുപോകുന്നത്.
ജീവനക്കാരുടെ കുറവ്, ടയര്‍, സ്പെയര്‍പാര്‍ട്സ് ക്ഷാമം സംസ്ഥാന പാത നിര്‍മ്മാണം തുടങ്ങിയ കാരണങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും സ്വകാര്യ ബസുടമകളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വീസ് നിര്‍ത്തിയതെന്ന് ആക്ഷേപം ഉണ്ട്. പൊന്‍കുന്നത്ത് നിന്ന് പാലായിലേക്കും പാലായില്‍ നിന്നും പൊന്‍കുന്നത്തേക്കും അടിക്കടി സ്വകാര്യ ബസ് സര്‍വ്വീസ് ഉള്ളതിനാല്‍ പകല്‍ സമയത്ത് കാര്യമായ യാത്രാക്ലേശമില്ല. രാത്രിയായാല്‍ രീതി മാറും. രാത്രി 7.45നും 8.45നും ഇടയില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ വീതമാണ് ഇരുവശത്തേക്കും സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 7.45ന്റെ സ്വകാര്യ ബസ് കഴിഞ്ഞാല്‍ 8.45നുള്ള മറ്റൊരു സ്വകാര്യ ബസ് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. പതിവായി 9.25ന് പുറപ്പെട്ടിരുന്ന അവസാന ബസും ഇല്ലാതായതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും ജോലി കഴിഞ്ഞ് എത്തുന്ന യാത്രക്കാര്‍ ദുരിതത്തിലായി. ഇരട്ടിയിലധികം പണം ചിലവഴിച്ച് ഓട്ടോറിക്ഷകളിലാണ് ഇവര്‍ വീടുകളില്‍ എത്തുന്നത്.
നിര്‍ത്തിവച്ച ചെയിന്‍ സര്‍വ്വീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: