പള്ളുരുത്തി: കൊച്ചി സൗദി ആരോഗ്യമാതാ പള്ളിയിലെ ഇടവക വികാരിയെ സ്ഥലംമാറ്റിക്കൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടവക സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുന്നു. രൂപതയുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ചയായിരുന്നു ഇടവക വികാരി ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പില്‍ ആരോഗ്യമാതാ പള്ളിയില്‍നിന്നും സ്ഥലംമാറിപോകേണ്ടത്.
പതിവുപോലെ രാവിലെയുള്ള കുര്‍ബാനകള്‍ക്കുശേഷം അച്ചന് പള്ളിയില്‍നിന്നും ഇറങ്ങുന്നതിന് വിശ്വാസികള്‍ സമ്മതിച്ചില്ല. പള്ളിയുടെ മൂന്നു പ്രധാന വാതിലുകളും അല്മായരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പുറത്തിറങ്ങാനാവാതെ ഫാ. സാംസണ് വിശ്വാസികളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇടവക സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ പള്ളിയില്‍ നടന്ന ചില ക്രമക്കേടുകള്‍ വികാരിയുടെ നേതൃത്വത്തില്‍ കണ്ടുപിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇടവകയിലെ ചില തല്പരകക്ഷികള് ആലപ്പുഴ രൂപതാ അധികൃതരെ സ്വാധീനിച്ച് ഫാ. സാംസണെ ഇവിടെനിന്ന് മാറ്റാന്‍ കരുനീക്കങ്ങള്‍ നടത്തിയതായും വിശ്വാസികള്‍ പറയുന്നു. രാവിലെ 8 ന് ആരംഭിച്ച റിലേ സത്യഗ്രഹം വൈകിയും തുടരുകയാണ്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സ്ത്രീകളടക്കം കൈക്കുഞ്ഞുങ്ങളുമായി നിരവധിപേര്‍ സമരപ്പന്തലില്‍ ഇരിക്കുകയാണ്.
രൂപതാ അധികൃതര്‍ തങ്ങളുടെ നിലപാട് എന്തെന്ന് കേള്‍ക്കുന്നതിനുള്ള മനസ് കാണിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.
അതേസമയം വികാരിയുടെ സ്ഥലംമാറ്റം സഭയുടെ ആഭ്യന്തരപ്രശ്നമാണെന്നും സഭയുടെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വൈദികര്‍ പ്രതിജ്ഞാബദ്ധരാണെന്നും ആലപ്പുഴ ബിഷപ്പ് ഹൗസ് വക്താവ് ജന്മഭൂമിയോട് പറഞ്ഞു. രാവിലെ ആരംഭിച്ച റിലേ സത്യഗ്രഹസമരം ഇടവകയിലെ മുതിര്‍ന്ന അംഗം പി.എ. സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ഇടവക സംരക്ഷണസമിതി പ്രസിഡന്റ് ഗോഡ്വിന് ഇല്ലിക്കല്‍, സെക്രട്ടറി ജയന് കുന്നേല്‍, അഡ്വ. രാജേഷ് ആന്റണി, ലളിത റോമി, സോഫി രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: