കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പ്രക്ഷോഭത്തിലേയ്ക്ക്. 120-ഓളം വരുന്ന വിതരണക്കാര്‍ക്ക് കിട്ടാനുള്ള 387 കോടി രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗറിലുള്ള കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കണ്‍സ്യൂമര്‍ ഫെഡറേഷന് സപ്ലെയേഴ്സ് അസോസിയേഷന്.
ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഭീമമായ തുക വായ്പയെടുത്താണ് തങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു വന്നത്. തുക ലഭിക്കാത്തത് മൂലം വിതരണക്കാരില്‍ പലരും കടം കയറി ആത്മഹത്യയുടെ വക്കിലാണെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് എം.വി പറഞ്ഞു.
കുടിശ്ശികത്തുക ലഭിക്കുന്നതിനായി വിതരണക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മുട്ടാത്ത വാതിലുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഈ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും കണ്ട് അസോസിയേഷന് ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് കുടിശ്ശിക കൊടുത്തു തീര്‍ക്കാനായി ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും 150 കോടി രൂപ വായ്പ നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഗ്യാരന്റി നിന്നു കൊണ്ട് ഉത്തരവിറക്കിയിരുന്നതാണ്.
എന്നാല്‍ നാളിതുവരെ ഒരു രൂപ പോലും ബാങ്കുകള്‍ കണ്‍സ്യൂമര്‍ ഫെഡിന് നല്‍കിയിട്ടില്ല,’ ഉല്ലാസ് ചൂണ്ടികാണിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പിയും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. വകുപ്പ് മന്ത്രിയും കണ്‍സ്യൂമര്‍ഫെഡ് എംഡിയും തമ്മിലുള്ള ശീതസമരമാണ് ഭീമമായ കുടിശ്ശിക നല്‍കാത്തതിന് പിന്നിലെന്നും അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.
ദീര്‍ഘകാലമായി കുടിശ്ശിക നിലനില്‍ക്കുന്നത് മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി സപ്ലെയര്‍മാര്‍ ടെന്‍ഡറുകള്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. റംസാന്, ഓണം സീസണ് അടുത്തിരിക്കെ കണ്‍സ്യൂമര്‍ഫെഡിന്റെ നന്മ, നീതി, ത്രിവേണി സറ്റോറുകള്‍ വഴിയുള്ള നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
കുടിശ്ശികത്തുക എത്രയും വേഗം നല്‍കണമെന്നാവശ്യപ്പെട്ട് 16-ന് എറണാകുളം ഗാന്ധി നഗറിലുള്ള കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്താന്‍ അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ തീരുമാനമുണ്ടാകാത്ത പക്ഷം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെ കൂടുതല്‍ ശക്തമായ സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്കി. അസോസിയേഷന് ജനറല്‍ സെക്രട്ടറി പോളി ടി.എ, ട്രഷറര്‍ നൗഷാദ് കെ.എച്ച്, വൈസ് പ്രസിഡന്റുമാരായ നാസര്‍ കല്ലാര്‍, എന്‍.പി. ആന്റണി, ജോയിന്റ് സെക്രട്ടറി ശ്രീജന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: