കൊല്ലം: ഗതാഗതപരിഷ്കാരങ്ങളില് കുടുങ്ങി പൊതുജീവിതം താറുമാറായ നഗരത്തില്‍ ഇനി കുരുക്കഴിക്കല്‍ പണി. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോടികള്‍ ചെലവിട്ട് അടിപ്പാതയും മേല്‍പ്പാലവും ഇരുമ്പുപാലത്തിന് സമാന്തരപാലവുമടക്കം നിരവധി പരിഷ്കരണ നടപടികള്‍ക്കാണ് കൊല്ലം പട്ടണം ഇതിനകം ഇരയായത്.
നഗരത്തിന്റെ വ്യാപാരമേഖലയെ പൂര്‍ണമായും ഒറ്റപ്പെടുത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ ആരോപണങ്ങള്‍ക്കിടയില്‍ ഏതെങ്കിലും വിധേന പൂര്‍ത്തിയാക്കി തുറന്നുകൊടുത്തപ്പോഴാണ് കുരുക്ക് കൂടുതല്‍ മുറുകിയെന്ന് പൊതുജനം തിരിച്ചറിയുന്നത്. ഗതാഗതക്കുരുക്ക് മാത്രമല്ല അപകടഭീതിയും സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ചിന്നക്കടയിലെ ഗതാഗതക്കുരുക്ക് ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ഹണി ഉറപ്പ് നല്‍കിയിട്ടുള്ളത്.
ട്രാഫിക് ഉപദേശകസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്യുകയും ഗതാഗതം സുഗമമാക്കാന്‍ പലവിധ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ടെന്ന് മേയര്‍ പറയുന്നു. അതേസമയം കുരുക്ക് അഴിക്കാന്‍ വേണ്ടി നിര്‍മ്മിച്ച അടിപ്പാതയും മേല്പ്പാലവുമൊന്നും അക്കാര്യത്തിന് പ്രയോജനപ്പെട്ടില്ലെന്ന തുറന്ന സമ്മതമാണ് മേയറുടെ പുതിയ നിലപാടെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ ട്രാഫിക് കുരുക്ക് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് പഠിക്കാനുള്ള പുതിയ പദ്ധതി തയ്യാറാക്കുകയാണ് കോര്പ്പറേഷന് അധികൃതര്‍.
തിരുവനന്തപുരത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ റയില്‍വേ മേല്‍പ്പാലം-ലക്ഷ്മിനട വഴിയും ആലപ്പുഴയില്‍ നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ നാലുവരിപ്പാതയിലൂടെയും തിരിച്ചുവിടണം എന്നൊക്കെയാണ് നിലവില്‍ ഉയര്‍ന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍. നിലവിലുള്ള ചിന്നക്കട റൗണ്ട് എടുത്തുമാറ്റിയാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് നാറ്റ്പാക് പറയുന്നത്. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, പ്രശ്നത്തിന് ഒരു മാസത്തിനുള്ളില്‍ ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന് മേയര്‍ പറഞ്ഞു.
ചിന്നക്കട മണിമേടയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. തനിമ നിലനിര്‍ത്തി തന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നടപ്പാത കയ്യേറുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കടപ്പാക്കട ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി അവിടെ അളന്ന് തിരിച്ച് കല്ലിടാന്‍ നടപടിയായിട്ടുണ്ട്.
ചെമ്മാംമുക്ക് നടപ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നാളെ ആരംഭിക്കാനിരിക്കുകയാണ്. നാലുവരിപ്പാതയില്‍ കൈവരികള്‍ മാറ്റിസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയുന്നു. അതേസമയം അഷ്ടമുടിക്കായലിന്റെ ഒരു ഭാഗം നികത്തി നിര്‍മ്മിച്ചെടുത്ത ആശ്രാമം ലിങ്ക് റോഡും വേണ്ടവിധത്തില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.
കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്റ് ജംഗ്ഷന് മുതല്‍ അനുഭവപ്പെടുന്ന തിരക്ക് ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊട്ടിയത്തേക്കുള്ള ബസുകള്‍ ഇവിടെ നിന്ന് തിരിഞ്ഞ് ആണ്ടാമുക്കം വഴി പോകാനുള്ള നീക്കം വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ഇരുമ്പുപാലം കടന്നുകിട്ടാനെടുക്കുന്ന സമയനഷ്ടം സ്വകാര്യബസുകളുടെ മത്സരഓട്ടത്തിലേക്കും അതുവഴി അപകടങ്ങളിലേക്കും നയിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാഹനഗതാഗതത്തില്‍ പരിഷ്കാരങ്ങള്‍ ഏറെ ഏര്‍പ്പെടുത്തിയപ്പോള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടത് കാല് നടയാത്രക്കാരാണ്. ചിന്നക്കടയില്‍ ഉണ്ടായിരുന്ന എല്ലാ ബസ് ഷെല്‍ട്ടറുകളും ഇല്ലാതായി. കുമാര്‍ തീയറ്ററിനു മുന്നിലും റസ്റ്റ്ഹൗസ് ജംഗ്ഷനിലും ഉണ്ടായിരുന്ന ഷെല്‍ട്ടറുകള്‍ തകര്‍ന്നു.
ടെലിഗ്രാഫ് ഓഫീസിന് മുന്നിലുള്ള ബസ്ഷെല്‍ട്ടര്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. പദയാത്രാസൗഹൃദനഗരമെന്ന പ്രഖ്യാപിക്കപ്പെട്ട കൊല്ലത്ത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും സാധ്ക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: