ഏതൊരു വരയുമാകട്ടെ അതില്‍ നിഴലും വെളിച്ചവും സമന്വയിപ്പിച്ചാല്‍ ഒന്നാന്തരമൊരു രൂപമായി അത് പരിണമിക്കും. ചിത്രകലാ പരിശീലനത്തിന് എത്തുന്നവരോടുള്ള വാരിയര്‍ സാറിന്റെ ആദ്യ ടിപ്സ് ഇതാണ്. എന്നാല്‍ ചിത്രകലയില്‍ സാധാരണ ആര്‍ട്ടിസ്റ്റുമാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകമുണ്ട്. നിഴലും വെളിച്ചത്തിനുമൊപ്പം ആത്മീയതയും കൂടി അദ്ദേഹം തന്റെ ചിത്രങ്ങളിലേയ്ക്ക് ആവാഹിക്കും. ഒരു പക്ഷെ അതായിരിക്കും ചിത്രകലയില്‍ കെ.കൃഷ്ണന്‍കുട്ടനെന്ന വാരിയര്‍ സാറിനെ വ്യത്യസ്തനാക്കുന്നത്. വരയിലെ വാരിയര്‍ ടച്ചും’ഇതുതന്നെയാണ്. പ്രായം 80 കഴിഞ്ഞു. അതായത് നീണ്ട 65 വര്‍ഷത്തെ കലാസപര്യ. ഇതിനോടകം തന്നെ, തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ നിരവധി ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, ആത്മീയത തുളുമ്പുന്ന ചിത്രങ്ങള്‍ ഇവയിലെല്ലാം അദ്ദേഹത്തിന്റേതു മാത്രമായ ഒരു ഭാവന ഒളിഞ്ഞിരിക്കും. കുട്ടിക്കാലം മുതല്‍ ചിത്രകലയോട് അഭിരുചിയുണ്ടായിരുന്നു. പതിനാലാം വയസില്‍ വാരിയര്‍ വരച്ച ഭഗവാന് കൃഷ്ണന്റെ ചിത്രം ഒരാള്‍ ഇപ്പോഴും സുക്ഷിച്ചുവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഭാര്യ മാധവിക്കുട്ടിയമ്മയും മക്കളുമാണ് ചിത്രരചനയില്‍ പൂര്‍ണ പിന്തുണ നല്‍കുന്നത്. ജനനവും വിദ്യാഭ്യാസവും 1934 ജൂണ്‍ ഏഴിന് കൃഷ്ണ വാരിയരുടേയും പാര്‍വ്വതിവാരസ്യാരുടേയും മകനായി ചെങ്ങന്നൂരിലാണ് കെ. കൃഷ്ണന്‍കുട്ടന്റെ ജനനം. ചെങ്ങന്നൂര്‍ ഹൈസ്കൂളില്‍ ഇഎസ്എല്‍സി പാസ്സായതിനു ശേഷം മാവേലിക്കര രവിവര്‍മ്മ സ്കൂള്‍ ഓഫ് പെയിന്റിംഗില്‍ നിന്നും ആര്‍ട്ടിസ്റ്റ് കേരളവര്‍മ്മ, ആര്‍ട്ടിസ്റ്റ് എന്‍എന്‍ നമ്പ്യാര്‍ എന്നിവരില്‍ നിന്നും ചിത്രകലാ പരിശീലനം പൂര്‍ത്തിയാക്കി. ചേര്‍ത്തലയെന്നകര്‍മ്മ മണ്ഡലം ചെങ്ങന്നൂരിലാണ് ജനനമെങ്കിലും അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം ചേര്‍ത്തലയാണ്. പരിശീലനം പൂര്‍ത്തിയാക്കി 1956ല്‍ ചിത്രകലാ അധ്യാപകനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. ആദ്യകാലങ്ങളില്‍ നാഗര്‍കോവിലിലാണ് ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് കോട്ടയം പാമ്പാടി, ആലപ്പുഴ തകഴി എന്നിവിടങ്ങളിലും ജോലി ചെയ്ത അദ്ദേഹം 1959ലാണ് ചേര്‍ത്തലയിലെത്തുന്നത്. അവിടെ ഗവ. ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെയാണ് വിരമിച്ചത്. പിന്നീട് 1964ല്‍ ചിത്രകലയില്‍ അഭിരുചിയുള്ളവര്‍ക്കായി തുടങ്ങിയതാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ്. ചിത്രകലയ്ക്കു നല്കിയ സംഭാവനകള്‍ മാനിച്ച് ഒട്ടനവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും സത്വ-രജ-തമോ ഗുണങ്ങളടങ്ങിയിരിക്കുന്നെന്ന് വാരിയര്‍ സാര്‍ പറയുന്നു. ഈ ഗുണങ്ങളെല്ലാം ചേര്‍ന്ന് ഉണ്ടാകുന്നതാണ് പ്രപഞ്ചം. പിന്നീട് ഇവയെല്ലാം ബ്രഹ്മത്തില്‍ തന്നെ ലയിക്കുന്നെന്ന സങ്കല്‍പ്പവും വാരിയര്‍ തന്റെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നു. എല്ലാ കലകളും ഏകാഗ്രതയ്ക്ക് ചിത്രകലയെന്നല്ല എല്ലാ കലകളും തന്നെ മനുഷ്യ മനസ്സിന്റെ ഏകാഗ്രതയ്ക്ക് സഹായകമാണ്. കല കലയ്ക്കു വേണ്ടിയോ, ജീവിതത്തിന് വേണ്ടിയോ അല്ല. പ്രകൃതിയില്‍ നിന്ന് വരദാനമായി ലഭിച്ചിട്ടുള്ള കല, നമ്മിലെ മഹത്വം, ദിവ്യത്വം എന്നിവ തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നാണ് വാരിയരുടെ അഭിപ്രായം. ചിത്രകല പഠിക്കാന്‍ വരുന്ന കൊച്ചു കുട്ടികളോടുപോലും ഇതൊക്കെ വിവരിച്ചുകൊടുക്കുന്നതിലൂടെ ചിത്രകലാഭ്യാസത്തിനൊപ്പം ശാശ്വതമായ മൂല്യങ്ങള്‍ കൂടി കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് ഈ അധ്യാപകന് ചെയ്യുന്നത്. മനസ്സിലുള്ള രൂപത്തിന് തന്റെ ഭാവനയ്ക്കൊപ്പിച്ച പരിവേഷം നല്കാന് ചിത്രക്കാരന് മാത്രമേ സാധിക്കുകയുളളു. അതിന് ഇന്നത്തെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനോ മറ്റു ഉപാധികള്‍ക്കോ കഴിയുകയില്ല. അതിന് അതിന്റേതായ തലങ്ങളാണുള്ളതെന്നും വാരിയര്‍ പറയുന്നു. കലയില്‍ മാത്രമല്ല തന്റെ രൂപത്തിലും അദ്ദേഹം വ്യത്യസ്തനാണ്. താടിയും മുടിയും നീട്ടി വളര്‍ത്തിയ പ്രകൃതം. ഒറ്റ നോട്ടത്തില്‍ ഒരു ഋഷിവര്യന്. ഒരു ചിരിയിലൂടെ അദ്ദേഹം അതിന് കാരണമായി പറഞ്ഞത് താന്‍ പൊതുവേ അലസനാണെന്നാണ്. പിന്നെ മറ്റുള്ളവര്‍ക്ക് എവിടെ നിന്നു കണ്ടാലും തിരിച്ചറിയാന്‍ ഈ മുടിയും താടിയും സഹായകമാകുമെന്നും അദ്ദേഹം പറയുന്നു. മാതാ അമൃതാനന്ദമയി ദേവിയുടെ ഭക്തനായ വാരിയര്‍ സാര്‍ അമ്മയേയും ആത്മീയ ഗുരുവിനേയും ദൈവതുല്യരായിട്ടാണ് കാണുന്നത്. കല മനുഷ്യനെ തിരിച്ചറിയാനുള്ള ഉപാധിയാണ്. വേണ്ട വിധം ഇവയെല്ലാം ഉപയോഗിച്ചാല്‍ നന്മയുള്ള മനുഷ്യനായി മാറാന്‍ കഴിയും. നല്ലൊരു നാളെയും നല്ലൊരു തലമുറയും ഉണ്ടാകാന്‍ കല നിദാനമാകുമെന്നും വാരിയര്‍ സാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: