കോട്ടയം: നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്ന വൃദ്ധജനങ്ങളെ സഹായവാഗ്ദാനവുമായെത്തി പണം തട്ടുന്ന സംഘം സജീവമാകുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മറ്റും ബസുകളില്‍ വന്നിറങ്ങുന്ന വൃദ്ധരെ നിരീക്ഷിച്ച് അവര്‍ക്ക് നഗരത്തില്‍ പരിചയക്കുറവുണ്ടെന്ന് കണ്ടാല്‍ തട്ടിപ്പുവീരന് പതുക്കെ അടുത്തുകൂടും. ആശുപത്രികളില്‍ പോകാന്‍ വന്നതാണെങ്കില്‍ താന്‍ ആശുപത്രിയിലെ ജീവനക്കാരനാണെന്ന് അവകാശപ്പെടും. ഏതെങ്കിലും സര് ക്കാര് ഓഫീസിലാണ് പോകേണ്ടതെങ്കില്‍ ആഓഫീസിലെ ഉദ്യോഗസ്ഥനാണെന്നു പറയും. ഈ വൃദ്ധജനങ്ങളെ ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ ഇടവഴികളിലെത്തമ്പോള് അവിടെയിറക്കും. ഓട്ടോക്കാരനെ പറഞ്ഞയച്ചശേഷം ഇവരുടെ കയ്യിലുള്ള പണം തന്ത്രപൂര്‍വ്വം കൈക്കലാക്കിയശേഷം ഇടവഴിയിലൂടെ ഓടിരക്ഷപ്പെടും. വൃദ്ധര്‍ക്ക് ഇവരുടെ പിന്നാ ലെ ഓടി ഇവരെ കീഴ്പ്പെടുത്താന്‍ കഴിയുകയുമില്ല.
ഇന്നലെയും വൃദ്ധദമ്പതികള്‍ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായി. രണ്ടായിരം രൂപയാണ് ഇവരില്‍ നിന്നും തട്ടിയെടുത്തത്. പോലീസ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോള്‍ പരാതി എഴുതി നല്കണമെന്നാവശ്യപ്പെട്ടു. കേസായാലുള്ള ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് ഇവര്‍ പരാതി നല്‍കാതെ പോകുകയായിരുന്നു. തട്ടിപ്പിനിരയാകുന്നവര്‍ പരാതി നല്‍കാത്തത് ഇത്തരം പിടിച്ചുപറികള്‍ക്ക് സഹായകമാകുന്നു.
ഷാഡോപോലീസും ഫ്ളയിങ് സ്ക്വാഡും അടക്കമുള്ളവര്‍ നഗരത്തിലുള്ളപ്പോഴും ഇത്തരത്തിലുള്ള സംഘങ്ങള്‍ വിലസുന്നത് പോലീസ് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: