ആലപ്പുഴ: സ്വയംസഹായ സംഘങ്ങളുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പും ക്രമക്കേടും നടത്തിയ ഒമ്പത് കുടുംബശ്രീ സിഡിഎസുകള്‍ക്കെതിരെ ജില്ലാ സഹകരണ ബാങ്ക് നിയമനടപടി സ്വീകരിച്ചു. ഇതില്‍ മുതുകുളം സിഡിഎസിനെതിരെ ക്രിമിനല്‍ കേസാണ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് നളന്ദ ഗോപാലകൃഷ്ണന് നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കഴിഞ്ഞു. മുതുകുളം സിഡിഎസിന് രണ്ട് വായ്പകളിലായി 595.40 ലക്ഷം രൂപ നല്‍കിയതില്‍ 73 ലക്ഷം രൂപ കുടിശികയാണ്. ഇതില്‍ സിഡിഎസ് ഭാരവാഹികള്‍ ക്രമക്കേട് നടത്തിയതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്രിമിനല്‍ കേസ് നല്‍കിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സിഡിഎസ് 29 ലക്ഷം രൂപയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് സിഡിഎസ് 71.08 ലക്ഷം രൂപയും കുടിശിക വരുത്തി. ഈ സാഹചര്യത്തില്‍ സിഡിഎസ് മുഖേനയുള്ള വായ്പകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബാങ്കിന്റെ 55 ശാഖകളിലൂടെയും പ്രാഥമിക സഹകരണ സംഘങ്ങളിലൂടെയും വായ്പകള്‍ നല്‍കുന്നുണ്ട്. ഒമ്പത് സിഡിഎസുകളിലായി 1.80 കോടി രൂപയാണ് വായ്പ ഇനത്തില്‍ കുടിശികയുള്ളത്. പല സിഡിഎസുകളുടെയും ഭാരവാഹികള്‍ ക്രമക്കേട് നടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അംഗ സംഘങ്ങള്‍ക്ക് വായ്പ വിതരണം ചെയ്യുന്നതിലും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.
വൈസ് പ്രസിഡന്റ് ഐപ് ചാണ്ടപ്പിള്ള, ജനറല്‍ മാനേജര്‍ ജോളി ജോണ്‍, സി.എസ്. രാജീവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജില്ലയിലെ പല സിഡിഎസുകളിലും വന്‍ അഴിമതിയും തട്ടിപ്പും നടക്കുന്നതായി ആരോപണം നിലനില്‍ക്കെയാണ് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. സിപിഎമ്മിന് ആധിപത്യമുള്ള സിഡിഎസുകള്ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: