കശ്യപമഹര്‍ഷിയുടെ പുത്രനായിരുന്നു വിഭണ്ഡകമുനി. ഇദ്ദേഹം ഒരിക്കല്‍ മഹാഹ്രദം എന്ന സ്ഥലത്തുവച്ച് സ്‌നാനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഉര്‍വശിയെ കാണാനിടയായി. അവളുടെ സൗന്ദര്യം കണ്ട് കാമവികാരം തിളച്ചുമറിഞ്ഞ് ഇന്ദ്രിയം സ്ഖലിച്ചു. ഒരു മാന്‍പേട വെള്ളം കുടിച്ചപ്പോള്‍ അതിന്റെ ഉദരത്തിലെത്തി. ദിവ്യമായ ഇന്ദ്രിയശക്തിയാല്‍ മാന്‍പേട ഗര്‍ഭിണിയായി. വിഭാണ്ഡകന്‍ അതിനെ സംരക്ഷിച്ചു.
ഗര്‍ഭം തികഞ്ഞ് അതു പ്രസവിച്ചത് ഒരു മനുഷ്യക്കുഞ്ഞിനെയാണ്. അതിന് മാനിനെപോലെ രണ്ടുകൊമ്പുമുണ്ടായിരുന്നു. വിഭണ്ഡകന്‍ കുഞ്ഞിന് ഋശ്യശൃംഗന്‍ എന്നു പേരിട്ടു വളര്‍ത്തി. തനിക്കുപറ്റിയ അബദ്ധം മകനുണ്ടാകരുതെന്നു കരുതി സ്ത്രീകളെ കാണാനിടയാകാതെയാണു വളര്‍ത്തിയത്. പിതാവിനെയല്ലാതെ മറ്റാരെയും കണ്ടിട്ടില്ലാത്ത ഋശ്യശൃംഗന്‍ വളര്‍ന്ന് യുവാവായി. ഒരിക്കല്‍ അംഗരാജ്യത്ത് ദീര്‍ഘകാലം മഴയില്ലാതെ കഷ്ടപ്പെട്ടു. ഋശ്യശൃംഗനെ രാജ്യത്തു വരുത്തിയാല്‍ മഴയുണ്ടാകുമെന്ന് ദൈവജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു.
രാജാവായ ലോമപാദന്‍ സമര്‍ത്ഥരും സുന്ദരിമാരുമായ ഏതാനും യുവതികളെ വനത്തിലേയ്‌ക്കയച്ചു. അവര്‍ വിഭണ്ഡകനില്ലാത്ത സമയം നോക്കി ആശ്രമത്തിലെത്തി. ഋശ്യശൃംഗനെ വശീകരിച്ച് അംഗരാജ്യത്തു കൊണ്ടുവന്നു. ഋശ്യശൃംഗന്‍ കാല്‍കുത്തിയപ്പോള്‍ തന്നെ മഴയും പെയ്തു. തന്റെ പുത്രിയായ ശാന്തയെ ഋശ്യശൃംഗനു വിവാഹം ചെയ്തു കൊടുത്തു. അംഗരാജ്യത്തു തന്നെ താമസിപ്പിക്കുകയും ചെയ്തു.
ശാന്ത ദശരഥന്റെ പുത്രിയാണെന്നും ലോമപാദനു ദാനം ചെയ്തതാണെന്നും കഥയുണ്ട്. എന്നാല്‍ വാല്മീകി രാമായണത്തില്‍ ലോമപാദന്റെ പുത്രി തന്നെയാണ് ശാന്ത എന്നു വ്യക്തമായി പറയുന്നു. ഋശ്യശൃംഗനെ ക്ഷണിക്കാന്‍ ദശരഥമഹാരാജാവ് അന്തഃപുരസ്ത്രീകളോടും മന്ത്രിമാരോടുംകൂടി അംഗരാജ്യത്തെത്തി. ലോമപാദന്‍ തന്റെ സുഹൃത്തിനെ വിധിയാംവണ്ണം സല്‍ക്കരിച്ചു. ഏഴെട്ടുദിവസം താമസിച്ചതിനുശേഷം ദശരഥന്‍ പറഞ്ഞു.
”ശാന്താ തവ സുതാ രാജന്‍, സഹഭര്‍ത്താവിശാംപതേ!
മദീയം നഗരം യാതു കാര്യം ഹി മഹദുദ്യതം
”ഹേ മഹാരാജാവേ അങ്ങയുടെ പുത്രിയായ ശാന്ത സ്വ ഭര്‍ത്താവിനോടുകൂടി എന്റെ നഗരത്തിലേക്കു വരട്ടെ. അതുകൊണ്ട് ഒരു വലിയ കാര്യം എനിക്കു സാധിക്കാനുണ്ട്.” അതുകേട്ട് ലോമപാദന്‍ പുത്രിയോടും ജാമാതാവിനോടും ദശരഥന്റെ കൂടെ പോകാന്‍ ആവശ്യപ്പെട്ടു. ആ ഋഷിപുത്രന്‍ സന്തോഷത്തോടെ ഭാര്യയോടുകൂടി പുറപ്പെട്ടു. അവര്‍ അയോദ്ധ്യയിലെത്തി കുറച്ചുനാള്‍ താമസിച്ചു വസന്താഗമനമായപ്പോള്‍ സരയൂനദീതീരത്ത് അശ്വമേധത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
അനേകം ഋത്വിക്കുകളെ വരുത്തി. രാജാക്കന്മാരെയും ബ്രാഹ്മണരെയും ക്ഷണിച്ചു. ക്ഷണിക്കാതെ വന്നവര്‍ക്കും വേണ്ടതെല്ലാം ഒരുക്കിയിരുന്നു. യജ്ഞത്തിനു വേണ്ടതെല്ലാം സംഭരിച്ചു. വസിഷ്ഠനെ പ്രത്യേകം ആദരിച്ചിരുത്തി. യജ്ഞാചാര്യനായി ഋശ്യശൃംഗനെയും അവരോധിച്ചു. അനേകായിരങ്ങള്‍ക്ക് വസിക്കാനുള്ള സൗകര്യങ്ങളൊരുക്കി. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അശ്വത്തെ അഴിച്ചുവിട്ടു. ഒരുവര്‍ഷം കുതിര യഥേഷ്ടം നാടുചുറ്റി മടങ്ങിവരണം. അപ്രകാരം കുതിര ദിഗ്വിവിജയം നടത്തി മടങ്ങിവന്നു. മൂന്നുദിവസമാണ് അശ്വമേധയാഗം. ഒന്നാം ദിവസത്തിന് ചതുഷ്‌ടോമമെന്നാണ് പേര്. രണ്ടാം ദിവസത്തിന് ഉകിഥ്യം എന്നും മൂന്നാം ദിനത്തിന് അതിരാത്രം എന്നും പേര്. തുടര്‍ന്ന് ജ്യോതിഷ്‌ടോമം, അഭിജിത്ത്, വിശ്വജിത്ത് തുടങ്ങിയ യാഗകര്‍മ്മങ്ങളും നടത്തി.
… തുടരും
















