വരപ്രാപ്തിയോടെ അതിശക്തമായ പ്രതികാരബുദ്ധി രാവണനില്‍ തിളച്ചുമറിഞ്ഞു. മുത്തച്ഛന്മാരായ മാല്യവാനും സുമാലിയും മാലിയും പാതാളത്തില്‍ നിന്നും എത്തി. രാവണനെ അഭിനന്ദിച്ചു. ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ലങ്ക തങ്ങളുടെ വകയാണ്. അതു വീണ്ടെടുക്കണം. അതിനുള്ള വഴികള്‍ ആലോചനയായി. മദാന്ധനായ രാവണന്‍ ഇതിനിടയില്‍ ലോകം ജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. താപസന്മാരെയും രാജാക്കന്മാരെയും ഉപദ്രവിക്കുക, അവരുടെ ധര്‍മ്മപത്‌നിമാരെ അപഹരിക്കുക, തുടങ്ങിയവയാണ് മുഖ്യവിനോദം. വൈശ്രവണന്‍ ലങ്ക വിട്ടൊഴിണം എന്ന ആവശ്യവുമായി രാവണന്‍ ഒരു ദൂതനെ അയച്ചു.
ലങ്കാ നഗരം പിതാവായ വിശ്രവസ്സ് തനിക്കു നല്‍കിയതാണെന്നും ഒഴിഞ്ഞുപോകേണ്ട കാര്യമില്ലെന്നുമായിരുന്നു കുബേരന്റെ മറുപടി. രാവണന്‍ തന്റെ അനുജനാണ്. ചെയ്യുന്ന പ്രവര്‍ത്തികളൊക്കെ ബ്രാഹ്മണനു നിരക്കാത്തതാണെന്നും അതൊക്കെ അവസാനിപ്പിക്കണമെന്നും ഉപദേശവും കൂടി നല്‍കി. എങ്കിലും രാവണനും സഹോദരങ്ങളും ലങ്കയില്‍വന്ന് തന്നോടൊപ്പം വസിക്കുന്നതില്‍ തനിക്കു സന്തോഷമാമെന്നും കുബേരന്‍ അറിയിച്ചു.
കുപിതനായ രാവണന്‍ രാക്ഷസ്സപ്പടയോടു കൂടി ലങ്കാനഗരം ആക്രമിച്ചു കീഴടക്കി. കുബേരന്റെ പുഷ്പവിമാനംകൂടി തട്ടിയെടുത്തു. ബ്രഹ്മാവിന്റെ സൃഷ്ടിയും മനസ്സുകൊണ്ട് നിയന്ത്രിക്കപ്പെടുന്ന യാനമാണ് പുഷ്പകവിമാനം. വിമാനം എന്ന സങ്കല്‍പം പ്രാചീന ഭാരതീയരില്‍ വേരൂന്നിയിരുന്നു. റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് യുഗങ്ങള്‍ക്കുമുമ്പുതന്നെ നാമത് നിര്‍വഹിച്ചിരുന്നു എന്നുമല്ലേ തെളിയുന്നത്? കുബേരനും യക്ഷന്മാരും രാവണനോട് പരാജിതരായി ലങ്ക വിട്ടോടി. വിശ്രവസ്സിനെ സമീപിച്ച് പരാതിപ്പെട്ടു. രാവണന്‍ രജോ തമോ ഗുണങ്ങളുടെ സങ്കരമാണെന്നും അവനോട് കലഹത്തിനു പോകേണ്ടയെന്നുമായിരുന്നു പിതാവ് ഉപദേശിച്ചത്.
കുബേരന്‍ വീണ്ടും അളകാപുരിയില്‍ താമസമായി. രാവണനും സഹോദരന്മാരും സകല രാക്ഷസന്മാരെയും കൂട്ടി ലങ്കയില്‍ ആധിപത്യം ഉറപ്പിച്ചു. അനുജന്‍ കുംഭകര്‍ണന്‍ സദാ ഉറക്കം തന്നെ. അതായത് പരിപൂര്‍ണ തമോഗുണം! അനുജനുവേണ്ടി മോടിയില്‍ ഒരു ശയനാനഗരവും നിര്‍മ്മിച്ചു. എന്നിട്ട് ബ്രഹ്മാവിനെ സമീപിച്ച് ഇവനെ രക്ഷിക്കാന്‍ എന്തെങ്കിലും ഒരു പോംവഴിയുണ്ടാക്കണമെന്നാവശ്യപ്പെട്ടു. കൊടുത്തവരം തിരിച്ചെടുക്കാന്‍ തനിക്കു പറ്റില്ലായെന്നും ഒരു ചെറിയ ഭേദഗതി വരുത്തിക്കൊടുക്കാമെന്നും ബ്രഹ്മാവറിയിച്ചു. ആറുമാസം ഉറക്കം. അതുകഴിഞ്ഞ് ഏഴുദിവസം ഉണര്‍ന്നിരിക്കും. വീണ്ടും ആറുമാസം ഉറക്കം. രാവണന്‍ സമ്മതിച്ചു.
രാവണന്റെയും സഹോദരന്മാരുടെയും വിവാഹങ്ങള്‍
രാവണന്റെ വിവാഹത്തെപ്പറ്റി പല രാമായണങ്ങളില്‍ പല കഥകളാണുള്ളത്. അസുരശില്പിയായ മയന്റെ പുത്രിയായ മണ്‌ഡോദരിയാണ് രാവണപത്‌നി. രാവണന്‍ ദ്വിഗ്വിജയം നടത്തിയ കാലത്ത് മയന്റെ പുത്രിയെ കണ്ട് മോഹിച്ച് വിവാഹം കഴിച്ചുതരാന്‍ ആവശ്യപ്പെടുകയും മയന്‍ രാവണനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. ധന്യമാല എന്നൊരു ഭാര്യകൂടി രാവണനുണ്ടായിരുന്നു.
രാവണന് മണ്‌ഡോദരിയില്‍ മേഘനാഥന്‍, അതികായന്‍, അക്ഷകുമാരന്‍ എന്നീ പുത്രന്മാരുണ്ടായി. അതില്‍ അതികായന്‍ ധന്യമാലയുടെ വളര്‍ത്തുപുത്രനാണ് എന്നു കഥയുണ്ട്. വൈരോചനന്‍ എന്ന അസുരന്റെ സഹോദരിയായിരുന്നു കുംഭകര്‍ണ്ണന്റെ ഭാര്യ. പേര് രാമായണങ്ങളില്ല. കുംഭന്‍, നികുംഭന്‍ എന്നിവരാണ് കുംഭകര്‍ണന്റെ മക്കള്‍. ശൈലൂഷ്യന്‍ എന്ന ഗന്ധര്‍വ്വന്റെ പുത്രിയായ സരമയായിരുന്നു വിഭീഷണന്റെ ഭാര്യ. ഇവരുടെ പുത്രി ത്രിജട സീതയ്‌ക്ക് സഖിയായിത്തീര്‍ന്നു.
രാവണസഹോദരിയായ ശൂര്‍പ്പണഖയെ വിവാഹം കഴിച്ചത് വിദ്യുജ്ജിഹ്യന്‍ എന്ന രാക്ഷസനായിരുന്നു. രാവണന്റെ മിത്രവും സൈന്യത്തില്‍ അംഗവുമായിരുന്ന വിദ്യുജ്ജിഹ്വന്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ നടന്ന ഒരു യുദ്ധത്തില്‍ രാവണന്റെ അസ്ത്രമേറ്റ് മരിച്ചു. അബദ്ധത്തില്‍ സഹോദരി ഭര്‍ത്താവ് തന്നാല്‍ വധിക്കപ്പെട്ടതില്‍ രാവണനും സങ്കടമുണ്ടായി. തന്നെയിനി ആരു രക്ഷിക്കുമെന്നു ശൂര്‍പ്പണഖ ചോദിച്ചപ്പോള്‍ സ്വന്തമായി ഇഷ്ടമുള്ള ഒരാളെ വരിച്ചുകൊള്ളാനും, അയാളെ താന്‍ തന്നെ വിവാഹം ചെയ്തുതരുമെന്നും രാവണന്‍ വാക്കുകൊടുത്തു. അന്നുമുതല്‍ ശൂര്‍പ്പണഖ ദണ്ഡകവനത്തില്‍ ജനസ്ഥാനത്തിനടുത്ത് സഹോദരബന്ധമുള്ള ഖരദൂഷണന്മാരുടെ സംരക്ഷണത്തില്‍ വാസമായി.
… തുടരും
















