മരട്: ബസ്സുകള്‍ തമ്മിലുള്ള മത്സരയോട്ടത്തില് വന്‍ ദുരന്തമായി മാറിയേക്കാവുന്ന അപകടം ഒഴിവായത് തലനാരിഴക്ക്. ഇടപ്പള്ളി അരൂര്‍ ദേശീയപാതയില്‍ നെട്ടൂര്‍ പളളി സ്റ്റോപ്പില്‍ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം.
എറണാകുളം ഭാഗത്തേക്കു പോകാനുള്ള സ്റ്റോപ്പില്‍ നിറുത്തിയിട്ടിരുന്ന ബസ്സിനെ മറികടന്നു നിര്‍ത്താനുള്ള വ്യഗ്രതയില്‍ നിറയെ യാത്രക്കാരുമായി ഇടതുവശത്തെ ലൈനില്‍ക്കൂടി വേഗതയില്‍ വന്ന ബസ്സ് മുന്നറിയിപ്പു സിഗ്നലുകള്‍ നല്‍കാതെ പെട്ടെന്ന് വലതുവശത്തെ ലൈനിലേക്ക് വെട്ടിക്കുകയായിരുന്നു. ഇതിനിടയില്‍ നിയന്ത്രണം വിട്ട് റോഡിനു കുറുകെയായ ബസിന്റെ വലതുവശത്ത് പുറകില്‍ നിന്നും വന്ന ടാങ്കര്‍ ലോറി ഇടിച്ച് രണ്ടു വാഹനങ്ങളും റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറി.
മീഡിയനിലെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റില്‍ ഇടിച്ചാണ് ടാങ്കര്‍ ലോറി നിന്നത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റും വളഞ്ഞ് വീഴാറായ അവസ്ഥയിലാണ്. രാവിലെ റോഡില്‍ നല്ല തിരക്കേറിയ സമയത്ത് പോസ്റ്റ് ഒടിഞ്ഞ് മറ്റു വാഹനങ്ങളിലേക്ക് വീഴാതിരുന്നതും, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുന്ന ടാങ്കര്‍ ലോറിയില്‍ ലോഡ് ഇല്ലാതിരുന്നതും, ബസ്സിനും ടാങ്കര്‍ ലോറിക്കും ഇടയില്‍ മറ്റു വാഹനങ്ങള്‍ പെടാതിരുന്നതും, ബസ്സും ടാങ്കറും മീഡിയനും കടന്ന് എതിര്‍വശത്തെ റോഡിലേക്ക് പോകാതിരുന്നതുമൊക്കെ വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായി.
അപകടം ഉണ്ടായശേഷം ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പരസ്പരം കൂട്ടിയിടിച്ച് ബസ്സിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു. എരമല്ലൂര്‍ പൂക്കാട്ടുപടി റൂട്ടില്‍ ഓടുന്ന ദ്രോണ എന്ന സ്വകാര്യ ബസ്സാണ് അപകടം ഉണ്ടാക്കിയത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും ഇത് ഇടയാക്കി. ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് മാറ്റിയത്. ഇടപ്പള്ളി ട്രാഫിക് പോലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: