കുട്ടനാട്: പുഞ്ചക്കൃഷിയുടെ നെല്ലു വില ലഭിക്കാതെ കടക്കെണിയിലായ രണ്ടാം കൃഷി ആരംഭിച്ചു. ഇത്തവണ 8000 ഹെക്ടറിലാണ് രണ്ടാംകൃഷിയുള്ളത്. പല പാടശേഖരങ്ങളിലും വിതച്ചു. കുട്ടനാടന്‍ മേഖലയില്‍ ഇതുവരെ 1,410 ഹെക്ടറില്‍ വിത നടന്നു. ബാക്കി പാടശേഖരങ്ങള്‍ വിതയ്ക്കാനുള്ള ഒരുക്കത്തിലാണ്.
ഈ മാസം പകുതിയോടെ രണ്ടാം കൃഷിക്കുള്ള വിത പൂര്‍ണമായും നടക്കും. ഇനിയും സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ കുടിശികകളും ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് പണം പലിശയ്ക്കെടുത്തും കടംവാങ്ങിയുമാണ് രണ്ടാംകൃഷിയുമായി കര്‍ഷകര്‍ മുന്നോട്ടുപോകുന്നത്.
നെടുമുടി, കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളുള്‍പ്പടെ ചമ്പക്കുളം കൃഷിഭവന് കീഴില്‍ 2500 ഹെക്ടറിലും പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍, വെളിയനാട്, രാമങ്കരി എന്നിവിടങ്ങളിലായി 600 ഹെക്ടറിലും രണ്ടാം കൃഷിയിറക്കി. പുറക്കാട്, കരുവാറ്റ, തകഴി, അമ്പലപ്പുഴ ഉള്‍പ്പെട്ട പുറക്കാട് കരിനിലം ബ്ലോക്കില്‍ 2000 ഹെക്ടറിലും ആലപ്പുഴ നഗരസഭ, പുന്നപ്ര ഉള്‍പ്പെട്ട ബ്ലോക്കില്‍ 1700 ഹെക്ടറിലുമാണ് പ്രധാനമായും കൃഷിയിറക്കുന്നത്.
ഉമ വിത്താണ് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൃഷിക്കായി പൊതുവെ ഉപയോഗിക്കുന്നത്. സംസ്ഥാന സീഡ് അതോറിട്ടിയില്‍ നിന്നുളള വിത്താണ് 70 ശതമാനം പാടശേഖരങ്ങളിലും വിതയ്ക്കുന്നത്. ബാക്കിവരുന്നവ കര്‍ഷകര്‍ മുന്‍കൃഷിയിലെ വിത്ത് ശേഖരിച്ചുവയ്ക്കുന്നവയും സീഡ് കോര്പ്പറേഷന്, കര്‍ണാടക സീഡ് കോര്‍പ്പറേഷനില്‍ നിന്ന് കൊണ്ടു വരുന്നവയുമാണ്.
ആലപ്പുഴ വിത്ത് പരിശോധന കേന്ദ്രത്തില്‍ നിന്ന് ഗുണനിലവാരമുറപ്പാക്കിയ വിത്താണ് ഇപ്രാവശ്യം കര്‍ഷകര്‍ക്ക് നല്‍കിയത്. കിലോയ്ക്ക് മുപ്പത്തിയൊമ്പതു രൂപ നിരക്കില്‍ ഒരു ഹെക്ടറിന് നൂറു കിലോ വിത്താണ് സബ്സിഡി നിരക്കില്‍ സീഡ് അതോറിട്ടിയില്‍ നിന്ന് നല്‍കുന്നത്.
ഹര്‍ത്താലും പട്ടിണിമാര്ച്ചും
ആലപ്പുഴ: രണ്ടര മാസം പിന്നിട്ടിട്ടും നെല്ലുവില സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാളെ കുട്ടനാട്ടില്‍ കര്‍ഷകര്‍ പട്ടിണിമാര്ച്ചും ഹര്‍ത്താലും നടത്തുമെന്ന് കുട്ടനാട് വികസന സമിതി എക്സി. ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് മാമ്പുഴക്കരിയില്‍ നിന്നും രാമങ്കരിയിലേക്കാണ് പട്ടിണിമാര്‍ച്ച് നടത്തുക. 20ന് വൈകിട്ട് ആറിന് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി ഉപവസിക്കും. തുടര്‍ന്നും പരിഹാരമുണ്ടായില്ലെങ്കില്‍ അരുവിക്കര മണ്ഡലത്തില്‍ സത്യഗ്രഹസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: