പള്ളിക്കത്തോട്: ആനിക്കാട് ചിത്രാഭവനില്‍ വേണുഗോപാലിന്റെ മകന് അജയകുമാറിനെ ജില്ലാ ഭരണകൂടം കാപ്പ ചുമത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പള്ളിക്കത്തോട്ടില്‍ നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ച് പ്രഹസനമായി. അജയകുമാര്‍ ജയിലില്‍ ആയി 50 ദിവസത്തിനു ശേഷമാണ് സിപിഎം സമര രംഗത്ത് എത്തിയത്. ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടിയും പാര്‍ട്ടി മാധ്യമങ്ങളും കൈയ്യൊഴിഞ്ഞുവെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നു എന്ന സാഹചര്യത്തിലായിരുന്നു പള്ളിക്കത്തോട്ടില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്.
ജൂണ്‍ 3ന് അജയകുമാറിന്റെ അപ്പീല്‍ ജസ്റ്റിസ് കെ. രാംകുമാര്‍ അധ്യക്ഷനായുള്ള എറണാകുളത്തെ അപ്പലറ്റ് അതോര്‍ട്ടി പരിഗണിക്കുന്നതറിഞ്ഞാണ് സിപിഎം ഗൂഢ ഉദ്ദേശത്തോടെ പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്. അപ്പീല്‍ പരിഗണിക്കുന്ന അന്നുതന്നെ അജയകുമാറിനെ വിട്ടയ്ക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതനുസരിച്ച് വൈകുന്നേരം ആഹ്ലാദപ്രകടനം നടത്തുന്നതിനുള്ള നീക്കവും സഖാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ അപ്പീല്‍ പരിഗണിച്ച അപ്പലറ്റ് അതോര്‍ട്ടി കേസ് വിധി പറയാനായി മാറ്റിവച്ചു. കേസ് പരിഗണിക്കുന്ന ദിവസം മുതല്‍ 20 ദിവസത്തിനകം വിധിപറഞ്ഞാല് മതിയെന്നാണ് നിയമം. ഇതോടെ ആഹ്ലാദപ്രകടനത്തിന് ഒരുങ്ങിയ സഖാക്കളുടെ ആവേശം കെട്ടടങ്ങി. തങ്ങളുടെ സമരത്തിന്റെ ഫലമായി അജയകുമാറിനെ വിട്ടയച്ചു എന്ന് വരുത്തിതീര്‍ക്കുന്നതിനായിരുന്നു അപ്പീല്‍ പരിഗണിച്ച അന്നുതന്നെ പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാദികളായ മൂന്ന് നിസാര കേസുകളുടെ പേരിലാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അജയകുമാറിനെ രാഷ്ട്രീയ വൈരാഗ്യം മൂലം തടവിന് ശിക്ഷിച്ചത്. 2007ലെ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനം(തടയല്‍) നിയമപ്രകാരമാണ് അജയകുമാറിനെതിരെ ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിയമവിരുദ്ധവുമായാണ് രാഷ്ട്രീയ പ്രേരിതമായി കാപ്പ ചുമത്തിയതെന്ന് ഉത്തരവിറങ്ങിയ ദിവസം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ആക്ഷേപത്തിനെ ശരിവയ്ക്കുന്നതായിരുന്നു ഉത്തരവിനോടൊപ്പം അജയകുമാറിന് പോലീസ് കൈമാറിയ രേഖകളുടെ പകര്‍പ്പ്. പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ അജയകുമാറിനെതിരെ 3 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ സ്റ്റേഷന് ജാമ്യം ലഭിച്ചതുമാണ്. ഐഎന്‍ടിയുസി ജില്ലാ നേതാവുമായി ഉണ്ടായ അടിപിടി കേസില്‍ ഇയാള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം വിശദീകരണം ആവശ്യപ്പെട്ട് കോടതി തിരിച്ചയച്ചിട്ടുള്ളതുമാണ്. ഫലത്തില്‍ 22കാരനായ യുവാവ് ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
അജയകുമാറിനെ അപ്പലറ്റ് അതോര്‍ട്ടി കുറ്റവിമുക്തനാക്കുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് പ്രായമായ അച്ഛനും അമ്മയും ഏക സഹോദരിയും. അതോര്‍ട്ടിയുടെ കരുണ ഉണ്ടായില്ലെങ്കില്‍ 60 ദിവസം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ അജയകുമാര്‍ ഇനിയും നാലുമാസം കൂടി ജയിലില്‍ കഴിയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: