561. പൂര്‍ണബ്രഹ്മസ്വരൂപിണീ – സര്‍വാധാരവും ആദ്യന്തങ്ങളില്ലാത്തതും ഗുണാതീതവും സര്‍വവ്യാപ്തവുമായ ബ്രഹ്മചൈതന്യത്തെക്കുറിച്ച് മുമ്പു പലതവണ പരാമര്‍ശിച്ചു. ”ബൃഹത്വാദ് ബൃംഹണാദ് ച ഏവ തദ് ബ്രഹ്മ ഇത്വഭിധിയതേ” (ബൃഹത്താകയാലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലും ബ്രഹ്മം നിര്‍വചിക്കുന്നു.
ആ ബ്രഹ്മത്തിന്റെ ചൈതന്യസ്പുലിഗങ്ങളാണ്. ബ്രഹ്മാണ്ഡമണ്ഡലങ്ങളായും ലോകങ്ങളായും ഗ്രഹനക്ഷത്രാദികളായും പ്രകൃതി ശക്തികളായും ദേവശക്തികളായും ത്രിഗുണങ്ങളായും പഞ്ചഭൂതങ്ങളായും ജീവികളായും മറ്റും രൂപം കൊള്ളുന്നത്. എല്ലാം ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ ബ്രഹ്മസ്വരൂപമാണ് മൂകാംബികാദേവി.
562. ഗണേശസ്‌കന്ദജനനീ – ഗണേശനും സ്‌കന്ദനും മാതാവായവള്‍. ഗണേശന്റെയും സ്‌കന്ദന്റെയും ജനനത്തെപ്പറ്റി പല കഥകള്‍ പുരാണങ്ങളിലുണ്ട്. ശിവനും പാര്‍വതിയും ആനകളുടെ രൂപത്തില്‍ ക്രീഡിച്ചു നടന്നപ്പോള്‍ ഉണ്ടായ പുത്രനാണു ഗണേശന്‍ എന്ന് ഒരു കഥ.
ശ്രീപാര്‍വതി തന്റെ ശരീരത്തിലെ പ്രസാധന വസ്തുക്കള്‍കൊണ്ട് സുന്ദരനായ ഒരു ബാലനെ സൃഷ്ടിച്ചുവെന്നും ആ കുട്ടിക്ക് ദേവീഗണങ്ങളുടെ ആധിപത്യം കൊടുത്തതിനാല്‍ ഗണപതി എന്നും ഗണേശന്‍ എന്നും പേരുണ്ടായി എന്നും മറ്റൊരു കഥയുണ്ട്. സുന്ദരനായ ഗണേശന്‍ ഗജമുഖനായതിനെ കുറിച്ചും ഒരു പുരാണകഥയുണ്ട്.
… തുടരും
















