കൊട്ടാരക്കര: വേലി തന്നെ വിളവ് തിന്നുന്നത് പരിശോധിക്കാന്‍ എസ്പി നേരിട്ട് എത്തി. കെണിയിലായത് അഡീഷണല്‍ എസ്ഐയും പോലിസുകാരനും. പൂശായി ഇന്റര്‍സെപ്റ്റര്‍ വാഹനത്തില്‍ പരിശോധനക്ക് പോയ ശൂരനാട് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ഗോപാലന്, പൂത്തൂര്‍ പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പ്രമോദ് എന്നിവരെയാണ് റൂറല്‍ എസ്പി ശശികുമാര്‍ പിടികൂടിയത്.
ഡിജിപിയുടെ സര്‍ക്കുലര്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ എസ്പി എത്തിയപ്പോള്‍ ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലെ എസ്ഐയും പോലീസുകാരനും നല്ല പരുവത്തിലായിരുന്നു. ഇവരെ കയ്യോടെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലിസുകാരന് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. ഇയാളെ എസ്ഐ ബെന്നിലാലു ഓടിച്ചിട്ട് പിടിച്ചു.
ഇന്നലെ വൈകിട്ട് 4.30 ഓടെ വാളകത്ത് വച്ചായിരുന്നു എസ്പി ഇവരെ പിടികൂടിയത്. മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെയും സസ്പെന്‍ഡ് ചെയ്തതായി എസ്പി പറഞ്ഞു. പല സ്റ്റേഷനുകളിലും ഡ്യുട്ടിയിലുള്ള ചില പോലീസുകാര്‍ മദ്യപിച്ച് ജോലിചെയ്യുന്നതായി മുമ്പും ആക്ഷേപം ഉണ്ടായിരുന്നു. സ്റ്റേഷനുകളിലുള്‍പ്പെടെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമപാലകര്‍ തന്നെ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: