കുന്നത്തൂര്‍: പോരുവഴി ഗ്രാമപഞ്ചായത്തിന്റെ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ വികലാംഗര്‍ക്കായുള്ള സൗജന്യ യാത്രാസഹായി വാഹനങ്ങളുടെ വിതരണത്തില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും. ഇംപ്ലിമെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം 45 ശതമാനം അംഗവൈകല്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ വിതരണം ചെയ്യണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ വാഹനങ്ങല്‍ നല്‍കിയത് ഭൂരിപക്ഷവും അനര്ഹര്ക്കാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇത്തരത്തില്‍ ഏഴ് മുച്ചക്രവാഹനങ്ങളാണ് കഴിഞ്ഞദിവസം വിതരണം ചെയ്തിട്ടുള്ളത്. ഇത് ലഭിച്ചവരില്‍ ഏറിയ പങ്കും ജില്ലാ പഞ്ചായത്തില്‍ നിന്ന് ഇതേ ആനുകൂല്യം നേരത്തേ കൈപ്പറ്റിയവരാണ്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിരവധി പേരെ ഒഴിവാക്കിയാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ജനപ്രതിനിധികളുടെ ഇഷ്ടക്കാര്‍ക്ക് വാഹനങ്ങള്‍ നല്‍കിയത്.
പ്രതിഷേധം ഭയന്ന് വാഹനം നല്‍കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ രഹസ്യമായി വിതരണം ചെയ്യുകയായിരുന്നു. ഇന്നലെ കൊടിക്കുന്നില്‍ സുരേഷ് എംപിയെക്കൊണ്ടാണ് മലനട പിഎച്ച്സിയില്‍ വെച്ച് പേരിന് പഞ്ചായത്ത് അധികൃതര്‍ വിതരണോദ്ഘാടനം സംഘടിപ്പിച്ചത്.
വാഹനവിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച് വികലാംഗ ഐക്യവേദിയുടെ നേതൃത്വത്തില്‍ എംപിക്കും എംഎല്‍എക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അവര്‍ ഉദ്ഘാടനവേദിക്ക് പുറത്ത് പ്രതിഷേധിച്ചു.പഞ്ചായത്തംഗങ്ങളാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്ന വാദമുയര്‍ത്തി കൈകഴുകാണ് മെഡിക്കല്‍ ബോര്‍ഡ് അധികൃതര്‍ ശ്രമിച്ചത്.
ഇടത്, വലത് അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഒരേപോലെ സ്വജനപക്ഷപാതം കാണിച്ചിരിക്കുകയാണെന്ന് ഐക്യവേദി ആരോപിച്ചു. വാഹനങ്ങള്‍ വാങ്ങാനായി ചെലവഴിച്ച തുകയുടെ പേരിലും അഴിമതിയാരോപണം ഉയര്‍ന്നിട്ടുണ്ട്. എണ്‍പതിനായിരത്തോളം രൂപയാണ് ഓരോ വാഹനത്തിന്റെയും വിലയായി പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്. എന്നാല്‍ വാഹനങ്ങലുടെ യഥാര്‍ത്ഥവില നാല്പത്തയ്യായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ മാത്രമാണ്്.
വാഹനം ഇപ്പോള്‍ വാഹനം ലഭിച്ചവരുടെ അര്‍ഹതയെ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കണമെന്നും അര്‍ഹരായവര്‍ക്ക് വാഹനം നല്‍കണമെന്നും വികലാംഗ ഐക്യവേദി ആവശ്യപ്പെട്ടു. വാഹനവിതരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: