ആലുവ: ആലുവ ശിവരാത്രി മണപ്പുറം കടവിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതില്‍ നഗരസഭയും ദേവസ്വംബോര്‍ഡും കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ നായര്‍സര്‍വീസ് സൊസൈറ്റി പ്രതിഷേധവുമായി രംഗത്ത്. നിത്യേന പിതൃതര്‍പ്പണത്തിനും മറ്റുമായി നൂറ് കണക്കിനാളുകള്‍ വന്നുപോകുന്ന കടവിലെ മാലിന്യ കൂമ്പാരങ്ങള്‍ മൂലം ഭക്തജനങ്ങള്‍ക്ക് കടവിലിറങ്ങി കുളിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കുന്നുകൂടുന്ന മാലിന്യങ്ങളില്‍ പൂഴുക്കള്‍ അരിക്കുകയും ചെയ്യുന്നുണ്ട്.
പതിനായിരക്കണക്കിന് രൂപയുടെ വരുമാനം നിത്യേന ദേവസ്വംബോര്‍ഡിന് ലഭിച്ചിട്ടും സ്ഥിരമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ദേവസ്വംബോര്‍ഡ് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് എന്‍എസ്എസ് തോട്ടയ്ക്കാട്ടുകര കരയോഗം ഭാരവാഹികളായ ശ്രീധര്പൊതുവാള്, സുരേന്ദ്രനാഥന്നായര്, എ.എസ്. മോഹനന് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഈ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച് 7 ന് വൈകിട്ട് 3 മുതല്‍ എന്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ കടവ് ശുചീകരിക്കുവാന്‍ തീരുമാനിച്ചതായി അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.
മണപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തുന്ന സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനുവേണ്ടി ദേവസ്വംബോര്‍ഡിന് രണ്ട് മറപ്പുര എന്‍എസ്എസ് നിര്‍മ്മിച്ചുകൊടുത്തിരുന്നു. ആലുവ മണപ്പുറത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുവേണ്ടി വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനും എന്‍എസ്എസ് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: