മരട്: മരട് നഗരസഭ 10 ലക്ഷം രൂപയുടെ ബോട്ടു വാങ്ങാന്‍ 25 ലക്ഷം രൂപയുടെ അഴിമതി നടത്തിയതായി ആരോപണം ഉയരുന്നു. ബോട്ട് നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും അന്വേഷണ വിധേയമാക്കണമെന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നെട്ടൂര്‍ നിവാസികള്‍ക്ക് തേവര ഫെറി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനു വേണ്ടി 2012 ല്‍ 10 ലക്ഷം രൂപ മുടക്കി മരട് നഗരസഭ പണിയിപ്പിച്ചതാണ് പ്രിയദര്‍ശിനി എന്നു പേരിട്ട കടത്തു ബോട്ട്.
ഇതിന്റെ നടത്തിപ്പിനു വേണ്ടി ഒരു തട്ടിക്കൂട്ടു കമ്മിറ്റിയും ഉണ്ടാക്കി. മൂന്നു വര്‍ഷത്തെ കണക്കെടുത്തു നോക്കിയാല്‍ ബോട്ടിന്റെ തകരാറു കാരണം 80 ശതമാനവും കരയില്‍ കയറ്റി വെച്ചിരിക്കുകയായിരുന്നു. 20 ശതമാനം മാത്രമാണ് കടത്തിറക്കുന്നതിനു വേണ്ടി ബോട്ട് ഉപയോഗിച്ചിട്ടുള്ളത്.
ഒരു മാസം 29000 രൂപയാണ് ഡീസല്‍ ഇനത്തില്‍ നഗരസഭയില്‍ നിന്നും ബോട്ടിന്റെ നടത്തിപ്പു കമ്മിറ്റി കൈപ്പറ്റുന്നത്. കൂടാതെ ബോട്ടിന്റെ മെയിന്റനന്‍സ് തുകയും, കേടാകുമ്പോള്‍ വാടകക്കെടുക്കുന്ന ബോട്ടിന്റെ വാടകയും, ചെളി നീക്കം ചെയ്യുന്നതിനു വേണ്ടിയുള്ള തുകയും നടത്തിപ്പു കമ്മിറ്റി നഗരസഭയില്‍ നിന്നും കൈക്കലാക്കുന്നു. നഗരസഭയുടെ ബോട്ട് സര്‍വീസ് സുഗമമായി നടത്തിക്കൊണ്ടു പോകേണ്ട നടത്തിപ്പുകമ്മിറ്റി ഇതിനിടയില്‍ സ്വന്തമായി മറ്റൊരു ബോട്ട് വാങ്ങി. നടത്തിപ്പു കമ്മിറ്റി സ്വന്തമായി വാങ്ങിയ ബോട്ട് ഓടിച്ച് നഗര സഭയില്‍ നിന്നും വാടകയും, ഡീസലിന്റെ പേരില്‍ ലക്ഷങ്ങളും തട്ടിയെടുക്കുന്നു എന്നുള്ളതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഭരണകക്ഷിയുടെ ശിങ്കിടികളായ ബോട്ടു കമ്മിറ്റിക്കാര് തട്ടിക്കൂട്ടി കൊണ്ടുവരുന്ന ബില്ലുകള്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും പാസാക്കിയെടുക്കുന്നത്. എന്നാല്‍ ഭീഷണിക്കു വഴങ്ങാതെ ഉദ്യോഗസ്ഥന്മാര് ഇപ്പോള്‍ ബില്ലുകള്‍ തടഞ്ഞു വച്ചിരിക്കുകയാണ്.
മരട് നഗരസഭ ഭരണ നേതൃത്വത്തിനും യുഡിഎഫ് നും പ്രിയദര്‍ശിനി ബോട്ടിന്റെ നടത്തിപ്പ് തലവേദനയായി മാറിയപ്പോള്‍ മറ്റൊരു ബോട്ട് വാങ്ങാന്‍ 27 ലക്ഷം രൂപ അനുവദിക്കാം എന്നു പറഞ്ഞ് മന്ത്രി കെ. ബാബുവും രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇതും അഴിമതി നടത്താനാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് പി.കെ. രാജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: