ശൂദ്രനായ താന്‍ വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നും തന്റെ അവിവേകം പൊറുക്കണമെന്നും വേദജ്ഞന്മാരായ ബ്രാഹ്മണരോട് എഴുത്തച്ഛന്‍ അപേക്ഷിക്കുന്നു. നാനാജഗത്തിനും ആധാരമാണ് വേദങ്ങളെന്ന് ഭഗവാനും ഗുരുനാഥനും പറഞ്ഞുതന്നിട്ടുണ്ട്. വേദത്തിന് ആധാരഭൂതന്മാരാണ് ഭൂദേവന്മാരായ ബ്രാഹ്മണര്‍. അവരുടെ അനുഗ്രഹവും ശാപവും ത്രിമൂര്‍ത്തികള്‍പോലും മാനിക്കുന്നു. വേദജ്ഞന്മാരുടെ മാഹാത്മ്യം വര്‍ണിക്കാന്‍ കഴിയില്ല. താന്‍ അവരുടെ പാദസേവകനും ഭക്തനുമായ ശൂദ്രന്‍- അജ്ഞാനികളില്‍ ഒന്നാമന്‍. അങ്ങനെയുള്ള താന്‍ വേദസമ്മതമായി മുമ്പു രചിക്കപ്പെട്ട ശ്രീരാമായണം
അജ്ഞാനികള്‍ക്കായി ചൊല്ലാന്‍പോകുന്നു. അതിനാല്‍ വേദങ്ങളും വേദാംഗങ്ങളായ ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്പം എന്നിവയും ഉപനിഷത്തുകള്‍ തുടങ്ങിയ വേദാന്താദി വിദ്യകളെല്ലാം മനസ്സില്‍ തെളിഞ്ഞുവരാന്‍ അനുഗ്രഹിക്കണം. മഹാജ്ഞാനിയും സര്‍വ്വവേദാന്തപടുവുമായ ആചാര്യന്‍ എത്ര വിനയത്തോടെയാണ് താന്‍ അജ്ഞാനികളില്‍ പ്രഥമനാണെന്നു പറഞ്ഞു തല കുനിക്കുന്നത്. തന്റെ രാമായണത്തില്‍ മേല്‍പറഞ്ഞ വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നൊരു സൂചനകൂടി ഇവിടെ നമുക്ക് ലഭിക്കുന്നു.
എഴുത്തച്ഛന്‍ സര്‍വ്വദേവന്മാരെയും തുടര്‍ന്ന് വന്ദിക്കുന്നുണ്ട്. സുരസംഹതിപതി (ഇന്ദ്രന്‍), സ്വാഹാപതി (അഗ്നി), പിതൃപതി (യമന്‍), നിര്യതി (ദിഗ്‌ദേവത), ജലപതി (വരുണന്‍), സദാഗതി (വായു), നിധിപതി (കുബേരന്‍), പശുപതി (ഈശന്‍), നക്ഷത്രപതി (ചന്ദ്രന്‍), സുരവാഹിനീപതിതനയന്‍ (സുബ്രഹ്മണ്യന്‍), ഭൂതനാഥനായ ഗണപതി, ശ്രുതിവാക്യാത്മാവായ സൂര്യന്‍, പക്ഷികളുടെ പതിയായ ഗരുഡന്‍ തുടങ്ങിയവരെല്ലാം അഗതിയായ തന്നെ അനുഗ്രഹിക്കണം. തന്റെ അഗ്രജനും ഗുരുവുമായ രാമനാമമുള്ള ആചാര്യനും മറ്റെല്ലാ ആചാര്യഭൂതന്മാരും അവരുടെ ശിഷ്യരും തന്നെ അനുഗ്രഹിക്കണം.
ശ്രീരാമായണം പുരാവിരിഞ്ച വിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍
ബ്രഹ്മാവു നിര്‍മ്മിച്ച ആദിരാമായണത്തെക്കുറിച്ച് മുമ്പ് വിവരിച്ചു. അതു ഭൂമിയിലില്ലാതായതിനു കാരണവും പറഞ്ഞു. രാമനാമത്തെ ജപിച്ച് രത്‌നാകരന്‍ എന്ന കാട്ടാളന്‍ വാല്മീകിയെന്ന മുനിയായപ്പോള്‍ മനുഷ്യര്‍ക്കു മോക്ഷംകിട്ടാനായി രാമായണം രചിക്കാന്‍ ബ്രഹ്മാവ് ആവശ്യപ്പെട്ടു. നാരദന്‍ രാമകഥ ഉപദേശിച്ചു. സരസ്വതി ആ മുനിയുടെ നാവിന്മേല്‍ വന്നു വസിച്ചു. അപ്രകാരം തന്റെ നാവിന്മേലും വന്നു വാഴണം എന്നപേക്ഷിക്കുന്ന എഴുത്തച്ഛന്‍ താന്‍ വേദശാസ്ത്രങ്ങള്‍ക്ക് അധികാരിയല്ലാത്തതിനാല്‍ (ന സ്ത്രീ ശൂദ്രൗ വേദമധീയതാം- സ്ത്രീക്കും ശൂദ്രനും വേദത്തിന് അധികാരമില്ല എന്ന് അന്നത്തെ ആഢ്യമാരുടെ നിയമം) നാണമാകുന്നു എന്നും പ്രസ്താവിക്കുന്നുണ്ട്. നിങ്ങള്‍ ദയവായി ക്ഷമിക്കുവിന്‍ എന്നുപറഞ്ഞുകൊണ്ടാണ് കഥയിലേക്കു കടക്കുന്നത്.
എഴുത്തച്ഛനു മതിയായില്ല. അദ്ധ്യാത്മരാമായണത്തിന്റെ മാഹാത്മ്യം വീണ്ടും നമ്മോടുപറയുന്നു. ഇത് പരമശിവനാല്‍ പറയപ്പെട്ടതാണ്. ഇതു പഠിക്കുന്ന മര്‍ത്ത്യന് ഈ ജന്മം തന്നെ മുക്തി ലഭിക്കും എന്നതു തീര്‍ച്ചയാണ്. അതിനാല്‍ എല്ലാവരും ഭക്തിയോടുകൂടി കേട്ടുകൊള്ളുവിന്‍. ബുദ്ധിമാന്മാര്‍ ഇക്കഥ കേള്‍ക്കുകയാണെങ്കില്‍ അവരുടെ സംസാരബന്ധനം അഴിഞ്ഞ് മുക്തി ലഭിക്കും.
ശ്രീരാമസ്തുതി
ഭൂമിയുടെ ഭാരം തീര്‍ക്കാന്‍ ബ്രഹ്മാദിദേവ ഗണം അപേക്ഷി ച്ച് പ്രാര്‍ത്ഥിച്ചതുകൊണ്ട് പാല്‍ക്കടലില്‍ ആദിശേഷനാകുന്ന മെത്തയില്‍ യോഗനിദ്രകൊള്ളുന്ന ശ്രീനാരായണന്‍ ഭൂമിയില്‍ സൂര്യവംശത്തില്‍ ദശരഥപുത്രനായി വന്നവതരിച്ച് ദുഷ്ടന്മാരായ രാക്ഷസവംശത്തെ നശിപ്പിച്ചശേഷം വീണ്ടും മായാഗുണസംബന്ധമില്ലാത്ത ആദിബ്രഹ്മമായിത്തീര്‍ന്ന, വേദാന്തത്തില്‍കൂടി മാത്രം അറിയപ്പെടാന്‍ കഴിയുന്ന സീതാപതിയായ ഭഗവാന്റെ ശ്രീപാദം ഞാനിതാ വന്ദിക്കുന്നു.
…. തുടരും
















