ഏലൂര്‍: ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച കളമശ്ശേരി നിയോജകമണ്ഡലം സമിതി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. കുറേനാളുകളായി ഏലൂരിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണ പ്രശ്നത്തിലും, മഴക്കാലം വരാനിരിക്കെ ഏലൂരിലെ തോടുകളും കനാലുകളും നന്നാക്കാത്തതിലും കഴിഞ്ഞയിടയ്ക്ക് പണി കഴിഞ്ഞ പല റോഡുകളും ഗതാഗതയോഗ്യമല്ലാതായതിലും യുവമോര്‍ച്ച പ്രതിഷേധിച്ചു.
ഫാക്ട് എംഇഎസ് സ്കൂളിലെ അനധികൃത കെട്ടിടത്തിന്റെ 10 വര്‍ഷത്തെ കരം പിരിക്കാത്തതും ഏലൂര്‍ നഗരസഭയുടെ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് കാണാത്തതുമുള്പ്പെടെയുള്ള പല പ്രശ്നങ്ങളും നഗരസഭയെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് യുവമോര്‍ച്ച കുറ്റപ്പെടുത്തി.
ഏലൂരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന നഗരസഭാ ചെയര്‍മാനെതിരെയും ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരെയും കളമശ്ശേരി നിയോജകമണ്ഡലം യുവമോര്‍ച്ച ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് എബിന്‍രാജ് പറഞ്ഞു. കണ്ടെയ്നര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ദിവസങ്ങളോളം കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം പല ജീവനുകള്‍ പൊലിഞ്ഞിട്ടും സര്‍ക്കാരിന്റെ ഉന്നത അധികാരികള്‍ നടപടി എടുക്കാത്തതിലും പുതിയ പാര്‍ക്കിംഗ് സംവിധാനം ഒരുക്കാത്തതിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അമര്‍ഷം രേഖപ്പെടുത്തി.
നാലു വര്‍ഷത്തിനുളളില്‍ ചെയര്മാന് സ്ഥാനത്തിന് വേണ്ടിയുളള കോണ്‍ഗ്രസ്സിന്റെ എ, ഐ ഗ്രൂപ്പുകളി കാരണം വലയുന്നത് പൊതുജനങ്ങളാണ്. ഏലൂരിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ നഗരസഭയിലും വേണ്ടിവന്നാല്‍ കളക്ട്രേറ്റിനു മുന്നിലും യുവമോര്‍ച്ച സമരപരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: