കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സുതാര്യമായി നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്കി. സംസ്ഥാന വിവരാവകാശ കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്ക് നിയമനടപടികളുമായി സര്‍ക്കാര്‍ നീങ്ങുന്ന സാഹചര്യത്തിലാണ് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ഗവര്‍ണറെ സമീപിച്ചത്.
2013 ല്‍ നമിത് ശര്‍മ കേസിലെ സുപ്രീംകോടതി വിധിയനുസരിച്ച് നിയമത്തിനായി പൊതുവിജ്ഞാപനം പുറപ്പെടുവിക്കുകയും ‘സെര്‍ച്ച് സമിതി’ രൂപീകരിച്ച് അര്‍ഹരായവരുടെ ചുരുക്ക പട്ടിക തയ്യാറാക്കുകയും വേണം.
കേന്ദ്ര വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന നടപടികളില്‍ ഈ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പാലിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്താനുള്ള നീക്കത്തിനിടയിലാണ് വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു ക്യാബിനറ്റ് മന്ത്രിയും ചേര്‍ന്ന സമിതിയാണ് നിലവില്‍ നിയമനം നടത്തുന്നത്. ഈ പ്രക്രിയ സുതാര്യമല്ലാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള നിയമനപ്രക്രിയ വേണമെന്നാവശ്യപ്പെട്ടാണ് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം പ്രസിഡന്റ് അഡ്വ.പി.കെ. ഇബ്രാഹിം നിവേദനം നല്‍കിയത്. 2014 ലെ കണക്കുപ്രകാരം 8875 അപ്പീലുകളും പരാതികളുമാണ് കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത്.
മുഖ്യ വിവരാവകാശ കമ്മീഷണറായ ഡോ.സിബി മാത്യൂസ് മൂന്ന് മാസത്തെ അവധിയില്‍ വിദേശത്താണ്. കമ്മീഷണര്‍മാരായിരുന്ന ഡോ.കുര്യാസ് കുമ്പളംക്കുഴി, എം.എന്‍. ഗുണവര്‍ദ്ധനന്‍ എന്നിവര്‍ വിരമിച്ചു.
കമ്മീഷണര്‍ കെ.നടരാജന് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. സോണി തെങ്ങമം രോഗാവസ്ഥയിലായതിനാല്‍ കേസുകള്‍ കേള്‍ക്കുന്നില്ല. അദ്ദേഹത്തിന്റെ നിയമനം ചോദ്യം ചെയ്ത ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.കമ്മീഷന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്ന് ഫോറം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: