ആലപ്പുഴ: പാചകവാതകം വിതരണം ചെയ്യുന്നവര്‍ കൂടുതല്‍ തുക ഈടാക്കുന്നതായും ഏജന്‍സികള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പാചകവാതകഅദാലത്തില് പരാതി. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ലൈലാഭായി, എണ്ണക്കമ്പനി പ്രതിനിധികള്‍, ഉപയോക്താക്കള്‍ എന്നിവര്‍ പങ്കെടുത്ത അദാലത്തില്‍ കെ.സി.വേണുഗോപാല്‍ എംപിയും സംബന്ധിച്ചു.
ആധാര്‍ നമ്പര്‍ പാചകവാതക കണക്ഷനുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതില്‍ വന്ന സാങ്കേതിക പ്രശ്നം പരിഹരിച്ച് ഉപയോക്താക്കള്‍ക്ക് സബ്സിഡി അക്കൗണ്ടില്‍ ലഭ്യമാക്കാന്‍ എണ്ണക്കമ്പനികളും ബാങ്കുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
ജില്ലയിലെ പാചകവാതക വിതരണം സുഗമമാക്കാനും മാസത്തില്‍ ഒരു സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കാനും എണ്ണക്കമ്പനികള്‍ നടപടിയെടുക്കണം. കാലാവധി കഴിഞ്ഞ സിലിണ്ടറുകളില്‍ പാചകവാതകം വിതരണം ചെയ്യുന്നതും ഒഴിഞ്ഞ സിലിണ്ടറുകളില്‍ പാചകവാതകം അനധികൃതമായി നിറയ്ക്കുന്നതും തടയണമെന്നും എം.പി. ആവശ്യപ്പെട്ടു.
ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിലെ പ്രശ്നം പരിഹരിക്കാനും സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുമെന്ന് എണ്ണക്കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്കാന് അദാലത്ത് തീരുമാനിച്ചു. അദാലത്തില്‍ ലീഡ് ബാങ്ക് മാനേജരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
കൂടുതല്‍ പണം ഉപയോക്താക്കളില്‍നിന്ന് ഈടാക്കാതിരിക്കാന്‍ അവരില്‍നിന്ന് വാങ്ങുന്ന തുകയ്ക്കുള്ള രസീത് നിര്‍ബന്ധമായും ഏജന്‍സികള്‍ നല്‍കണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കളക്ടര്‍ എന്‍.പത്മകുമാര്‍ നിര്‍ദ്ദേശിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഉപയോക്താക്കളറിയാതെ ദൂരസ്ഥലത്തുള്ള ഏജന്‍സികളിലേക്ക് കണക്ഷന് മാറ്റിനല്‍കിയതായി പരാതി ഉയര്‍ന്നു. ഒരു ഏജന്‍സിയില്‍ നിര്‍ബന്ധിച്ച് നിര്‍ത്താന്‍ ഉപയോക്താക്കള്‍ തടവുകാരല്ലെന്ന് കളക്ടര്‍ പറഞ്ഞു. പരാതി ഉന്നയിച്ചവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് ഉടന്‍ കണക്ഷന് മാറ്റി നല്കാന് ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
കായംകുളത്തെ 49,000 കണക്ഷനുള്ള സപ്ലൈകോ ഏജന്‍സിയിലേക്ക് ആവശ്യത്തിന് ലോഡ് എത്തിക്കുന്നില്ലെന്നും ഇതുമൂലം ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ കിട്ടാന്‍ രണ്ടുമാസം വരെ താമസമെടുക്കുന്നുവെന്നും ഏജന്‍സി പൂട്ടാന്‍ പോകുന്നുവെന്ന് എണ്ണക്കമ്പനി അധികൃതര്‍ കുപ്രചാരണം നടത്തുന്നതായും അദാലത്തില്‍ പരാതിയുയര്‍ന്നു.
കഴിഞ്ഞ മൂന്നു മാസമായി കായംകുളം മേഖലയില്‍ വിവിധ ഏജന്‍സികള്‍ക്ക് ബിപിസിഎല്‍ നല്കിയ പാചകവാതക ലോഡിന്റെ കണക്കുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ൈലലാഭായിക്ക് കളക്ടര്‍ നിര്‍ദേശം നല്കി. പൊതുമേഖലയിലുള്ള ഏജന്‍സിയെ സംരക്ഷിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അനാരോഗ്യപ്രവണതകള്‍ അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു.
കായംകുളത്ത് മൂന്നു പുതിയ പാചകവാതക വിതരണ ഏജന്‍സിയും നെടുമുടി, തുറവൂര്‍, മുഹമ്മ എന്നിവിടങ്ങളില്‍ ഓരോന്നും പുതുതായി ആരംഭിച്ചെന്ന് ബിപിസിഎല്‍ അസിസ്റ്റന്റ് മാനേജര്‍ എന്‍.പി. അരവിന്ദാക്ഷന് അദാലത്തിനെ അറിയിച്ചു. ഹരിപ്പാട്, ചെങ്ങന്നൂര്‍, ചമ്പക്കുളം, മാരാരിക്കുളം എന്നിവിടങ്ങളില്‍ മൂന്നുമാസത്തിനകം പുതിയ ഓരോ ഏജന്‍സി കൂടി തുടങ്ങും. ചേര്‍ത്തലയിലും പുതിയ ഏജന്‍സി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: