പത്തനാപുരം: കിഴക്കന്‍ മേഖലയുടെ രാഷ്ട്രീയ മുഖച്ഛായ മാറുന്നതനുസരിച്ച് ഗണേഷ്കുമാര് എംഎല്‍എയ്ക്കെതിരെയുളള കോണ്‍ഗ്രസ് രോഷവും പ്രതിഷേധവും അണികളിലും യുവജനങ്ങളിലും മാത്രമായി ഒതുങ്ങി. എംപിമാരടക്കമുളള കോണ്‍ഗ്രസ് നേത്യനിര യുഡിഎഫ് വിട്ട ഗണേശനും പിളളക്കുമെതിരെ ഒരു വാക്കുപോലും പത്തനാപുരത്ത് ശബ്ദിച്ചില്ല.
യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ഗണേശഭക്തി മറനീക്കിയത്. സ്വീകരണം ഏറ്റുവാങ്ങാനായി തെക്കന്‍ മേഖലാജാഥ പത്തനാപുരത്ത് എത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസും മുസ്ലീംലീഗും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലം എംഎല്‍എക്കെതിരെ നേതാക്കളില്‍ നിന്ന് ഒരു തീപ്പൊരി പ്രസംഗമാണ് പ്രതീക്ഷിച്ചത്.
ഇതിനായി വലിയ പ്രചരണവും പത്തനാപുരത്തെ യുഡിഎഫ് നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം തകിടം മറിച്ചായിരുന്നു നേതാക്കളുടെ പ്രസംഗം.
ആദ്യം മുഖ്യപ്രഭാഷകനായെത്തിയ മുന്‍ എം.പി പീതാബരക്കുറുപ്പായിരുന്നു. തന്റെ പഴയകാല അനുഭവങ്ങള്‍ ഓരോന്നായാണ് കുറുപ്പ് പറഞ്ഞത്. ഇതിനിടെ പത്തനാപുരത്തെ സേവാദള്‍ നേതാവ് എം.എ. സലാം ഗണേശനെതിരെ സംസാരിക്കാന്‍ തുണ്ടുപേപ്പറില് എഴുതിക്കൊടുത്തങ്കിലും പീതാംബരക്കുറുപ്പ് കണ്ട ഭാവം നടിച്ചില്ല.
പിന്നാലെ എത്തിയ ഉദ്ഘാടകനായ കൊടീക്കുന്നില് സുരേഷ് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ശബ്ദിച്ചത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മറ സ്യഷ്ടിക്കുവാന്‍ പ്രധാന അമരക്കാരനായ എന്‍.കെ പ്രേമചന്ദ്രന് എംപി യും പത്തനാപുരത്തെ രാഷ്ട്രീയമാറ്റം അറിഞ്ഞ ഭാവം നടിച്ചില്ല. ഇതോടെ തീപ്പൊരി പ്രസംഗത്തിന് കാത്തുനിന്ന പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും യൂത്ത്കോണ്ഗ്രസുകാര്ക്കിടയിലും വലിയ പ്രശ്നങ്ങള്‍ക്കാണ് തുടക്കം വെച്ചിരിക്കുന്നത്.
നേതാക്കളുടെ ഗണേഷഭക്തിക്കെതിരെ കെപിസിസിയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് യൂത്ത്കോണ്‍ഗ്രസ് എംപിമാരടക്കമുളള നേതാക്കള്‍ പോലും ഗണേഷിനെ വിമര്‍ശിക്കാതെ തട്ടിയും തലോടിയും കടന്നു പോയതോടെ അണികള്‍ക്കിടയില്‍ വലിയ പ്രതീക്ഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കള്‍ക്ക് ഗണേഷുമായുളള വ്യക്തിബന്ധം തന്നെയാണ് പ്രസംഗങ്ങള്‍ എല്ലാം തണുത്തുപോകാനുളള പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും പ്രതികരണവേദി എന്ന പേരില്‍ ഗണേഷിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: