ചെങ്ങന്നൂര്‍: ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിക്കുന്ന യുവാവിനെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുലശേഖരപുരം സരസ്വതിവിഹാറില് സജി(42) ആണ് അറസ്റ്റിലായത്. 2014 ജൂലൈയില്‍ മുളക്കുഴ സ്വദേശി രത്നകുമാറിന്റെ യമഹ റേ ബൈക്ക് ഐടിഐ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രത്നകുമാറിന്റെ സ്ഥാപനത്തിന് സമീപത്തുനിന്നും മോഷണം പോയിരുന്നു.
ഇയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലത്ത് നിന്നും യമഹ ബൈക്ക് കണ്ടത്തി. പോലീസ് പിടിക്കുമ്പോള്‍ ബൈക്കിന് വ്യാജ നമ്പറായിരുന്നു. പരിശോധനയില്‍ നമ്പര്‍ ഇന്‍ഫീല്‍ഡ് ബുള്ളറ്റിന്റെതാണെന്നു തെളിഞ്ഞു.
ഇതോടെ ബുധനാഴ്ച രാവിലെ കൊല്ലത്തുനിന്നും സജിയെ പിടികൂടുകയായിരുന്നു. മോഷണം നടത്തിയ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രധാനമായും വാഹനങ്ങളുടെ ബാറ്ററികളാണ് പ്രതി മോഷ്ടിച്ചിരുന്നത്. ചെങ്ങന്നൂരില്‍ നിന്നും മൂന്നും ഹരിപ്പാട്, കരുനാഗപ്പളളി എന്നിവിടങ്ങളില്‍ നിന്നും ഓരോന്നു വീതം അംബാഡിഡര്‍ കാറുകളുടെ ബാറ്ററികള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
പോലീസ് ഇവ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. മോഷണം നടത്തുന്ന ബാറ്ററികള്‍ ഹരിപ്പാട്, ചാരുംമൂട് എന്നിവിടങ്ങളിലുള്ള ആക്രി കടകളിലാണ് വില്‍പ്പന നടത്തിയിരുന്നത്. കരുനാഗപ്പള്ളി ക്ലാപ്പനയിലെ ക്ഷേത്രത്തിലെ ഉരുളി മോഷണം ഉള്‍പ്പടെ പന്ത്രണ്ടോളം കേസിലെ പ്രതിയാണ് സജിയെന്ന് എസ്ഐ കെ.പി.ധനീഷ് അറിയിച്ചു.
ചെങ്ങന്നൂര്‍ എഎസ്പി ഡോ. അരുള്‍ ആര്.ബി. കൃഷ്ണ, സിഐ ആര്. ബിനുകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജൂനിയര്‍ എസ്ഐ സാഗര്‍, സിപിഒമാരായ രാഹുല്‍, ഉണ്ണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: