കൊട്ടാരക്കര: കല്ലടയാറിന്റ തീരം സംരക്ഷിക്കാന്‍ ഒരു കൂട്ടിക്കൂട്ടായ്മ. ദിനംപ്രതി ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കല്ലടയാറിന്റെ തീരങ്ങളെ സംരക്ഷിക്കാനും ഒപ്പം ആഗോളതാപനത്തിന് ചെറുപരിഹാരവുമായി ഒരു കൂട്ടികൂട്ടായ്മ രംഗത്ത്. താമരക്കുടി ശിവവിലാസം സ്കൂളിലെ ഇക്കോക്ലബ്ബ് അംഗങ്ങളാണ് തീരങ്ങളില്‍ മുള നട്ടുപിടിപ്പിച്ച് പ്രകൃതിക്ക് കൂട്ടായി രംഗത്തിറങ്ങുന്നത്.
ഇതിനായി പതിനായിരത്തിലധികം മുളംതൈകള്‍ ഇവര്‍ ചെറു കവറുകളില്‍ തയ്യാറാക്കി കഴിഞ്ഞു. കൊട്ടാരക്കര, പ്രാക്കുളം എന്നീ സോഷ്യല്‍ ഫോറസ്ട്രികളുടെ സഹായത്തോടെയാണ് തൈകള്‍ തയ്യാറാക്കിയത്. നദികളുടെ തീരസംരക്ഷത്തോടൊപ്പം നൈട്രജനെ വലിച്ചെടുത്ത് മലിനീകരണം തടയുന്നതിനും കാര്‍ബണ്‍ഡയോക്സൈഡ് ആഗിരണം ചെയ്ത് ശുദ്ധീകരിക്കുന്നതിനും മുളകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് ഇതിന് നേതൃത്വം നല്കുന്ന അധ്യാപകന് അശോക് കുമാര്‍ പറയുന്നു.
പണ്ട് കല്ലടയാറിന്റെ തീരങ്ങളില്‍ മുളകള്‍ ധാരാളമായി ഉണ്ടായിരുന്നു. വര്‍ഷാന്ത്യ പരീക്ഷക്ക് ശേഷമായിരുന്നു കൂട്ടികളുടെ ഈ ഭഗീരഥ പ്രയത്നം.
ശബരിമലയില്‍ മണ്ഡലകാലത്തിന് ശേഷം എത്തി പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനും കാവുകള്‍ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിച്ച് സംരക്ഷിക്കുക, സൗജന്യമായി വീടുകള്‍ വൈദ്യീതികരിച്ച് നല്‍കുക തുടങ്ങി നിരവധി പ്രവൃത്തികളിലൂടെ ഈ സ്കൂളിലെ വിവിധ യൂണിറ്റുകള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: