കൊട്ടാരക്കര: വെട്ടിക്കവലയിലും കൊട്ടാരക്കര പഞ്ചായത്തിന്റെ മൂന്നാംവാര്‍ഡിലും കുന്നക്കര പ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. നൂറിലധികം വലിയ ഒച്ചുകളാണ് വീടുകളുടെ പരിസരങ്ങളിലും കൃഷി ഭൂമികളിലും കാണുന്നത്. ഇത് നാട്ടുകാരെയും കര്‍ഷകരെയും ഒരുപോലെ വിഷമത്തിലാക്കിയിരിക്കുകയാണ്.
വിളകളുടെ നാശത്തിന് കാരണമാകുന്ന ഈ ആഫ്രിക്കന്‍ ഒച്ചുകള്‍ ആദ്യമായാണ് ഇവിടങ്ങളില്‍ കാണപ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിഭവനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. കൂട്ടത്തോടെ കാണപ്പെടുന്ന ഒച്ചുകള്ക്കുമേല് ഉപ്പു വിതറുകയോ പുകയില കഷായം തളിക്കുകയോ ആണ് ഇവയെ നശിപ്പിക്കാനുള്ള മാര്‍ഗം.
രാത്രിയില്‍ കൈതച്ചക്ക മുറിച്ചുവെച്ച് ഒച്ചുകളെ ആകര്‍ഷിക്കുകയും കൂട്ടത്തോടെ എത്തുന്ന ഇവയെ ഉപ്പുവിതറി മണ്ണില്‍ കുഴിച്ചുമൂടുകയുമാണ് ഇവയെ നശിപ്പിക്കാനുള്ള മാര്‍ഗമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. കരവാളൂര്‍, അഞ്ചല്‍ പ്രദേശങ്ങളില്‍ ഇവയുടെ ശല്യം മുമ്പുതന്നെ ഉണ്ടായിരുന്നു. ആഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തടികളിലൂടെയാണ് ഇവ എത്തുന്നതെന്നു കരുതുന്നു.
ഒരു സമയം ആയിരംമുട്ടകള് വരെ ഇടുന്ന ഇവയുടെ വംശവര്‍ധന വളരെ പെട്ടെന്നാണ്. മണ്ണില്‍ കിടക്കുന്ന ഇവയുടെ മുട്ടകള്‍ മഴക്കാലത്ത് ഒച്ചുകളായി മാറുകയാണെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനിടയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ കാന്‍സറിനു കാരണമാകുമെന്ന് ചിലര്‍ വ്യാജ പോസ്റ്ററുകള്‍ പതിച്ചത് പ്രദേശവാസികളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: