കോട്ടയം: പാലായില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി) ക്ക് സ്ഥലം ഏറ്റെടുക്കുന്നത് മതിയായ നഷ്ടപരിഹാരം നല്‍കാതെയെന്ന് ആക്ഷേപമുയരുന്നു. മീനച്ചില്‍ താലൂക്കിലെ വള്ളിച്ചിറ വില്ലേജില്‍ വലവൂരില്‍ 55 ഏക്കര്‍ സ്ഥലമാണ് ഐഐഐടി സ്ഥാപിക്കാനായി കണ്ടെത്തിയിരിക്കുന്നത്. പാലാഴി ടയേഴ്സിന്റെ 15 ഏക്കര്‍ സ്ഥലവും മറ്റ് ചെറുകിട കര്ഷകരുടേതായുള്ള 40 ഏക്കര്‍ സ്ഥലവുമടക്കം 55 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 1894ലെ പൊന്നുംവില നിയമം അനുസരിച്ചാണ് പാലാ ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ മുഖേന സ്ഥലമെടുപ്പ് നടത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. 1894ലെ പൊന്നുംവില നിയമം റദ്ദ് ചെയ്തുകൊണ്ട് പകരം 2014 ജനുവരി 1 മുതല്‍ പുതിയ നിയമം നിലവില്‍ വന്നിട്ടിട്ടുണ്ട്. എന്നാല്‍ ഈ നിയമത്തിന്റെ കീഴില്‍ രൂപീകരിക്കേണ്ട ട്രൈബ്യൂണല്‍ അതോറിറ്റി, ചട്ടങ്ങള്‍ എന്നിവ രൂപീകരിക്കാത്തതിനാല്‍ ഈ നിയമം അനുസരിച്ച് സ്ഥലമേറ്റെടുക്കാനാവില്ലെന്ന് അധികൃതര്‍ പറയുന്നു. പുതിയ നിയമം അനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വര്‍ദ്ധിച്ച നഷ്ടപരിഹാരവും മറ്റ് അനൂകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതായാണ് നാട്ടുകാരുടെ പരാതി.
ഒരേക്കര്‍ മുതല്‍ 15 സെന്റ് സ്ഥലംവരെ 32ഓളം കര്‍ഷകരില്‍നിന്നാണ് വസ്തു ഏറ്റെടുക്കുന്നത്. നിലവില്‍ സെന്റിന് 2 ലക്ഷത്തിലേറെ വിപണി മൂല്യമുള്ള വസ്തുക്കള്‍പോലും പഴയ പൊന്നുംവില നിയമനുസരിച്ച് നാമംമാത്രമായ തുകയ്ക്കാണ് ഏറ്റെടുക്കുന്നത്. 2013ലെ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ 2015ല്‍ കൊണ്ടുവന്ന് ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റിലും പൊതുവേദികളിലും വിമര്‍ശനവും സമരവും നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേരളത്തിലെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാത്തത് ഇരട്ടത്താപ്പാണെന്ന് കര്‍ഷകര്‍ പറയുന്നു.
2013ലെ നിയമം അനുസരിച്ച് ചട്ടങ്ങള്‍ രൂപീകരിക്കുന്നതുവരെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയോ 2013ലെ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: