കൊല്ലം: കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന ചുമട്ടു തൊഴിലാളികളുടെ തൊഴിലും തൊഴിലവസരങ്ങളും സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്(ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്ശനന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാരതീയ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ കൊല്ലം താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുമട്ടു തൊഴിലാളികളെ സാധാരണ ജനങ്ങള്‍ക്ക് മുമ്പില്‍ മോശമായി ചിത്രീകരിച്ച് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നടുത്ത് വന്‍കിട മുതലാളിമാരെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് കേരളത്തിലെ ചുമട്ട് തൊഴിലാളി മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്.
സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഇഎസ്ഐ നടപ്പാക്കണമെന്നും നിര്‍ത്തിവെച്ച പെന്ഷന് പുനഃസ്ഥാപിക്കണമെന്നും ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും രാഷ്ട്രീയ വിമുക്തമാക്കുന്നതിനും തൊഴിലാളി താല്പര്യം സംരക്ഷിക്കുന്നതിനും ബിഎംഎസിനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും മണല്‍, കരിങ്കല്‍ മേഖലയിലെ തൊഴില്‍ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയന്റെ ജില്ലാ പ്രസിഡന്റ് ടി. രാജേന്ദ്രന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആര്. രാധാകൃഷ്ണന്, പി.കെ. മുരളീധരന് നായര്‍, ജെ. തങ്കരാജ്, പരിമണം ശശി, ടി.ആര്. രമണന്, ഏരൂര്‍ മോഹനന്, അജയന്, സുരേഷ് മോഹന്‍, കെ. ശിവരാജന് എന്നിവര്‍ സംസാരിച്ചു. ചിന്നക്കടയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് എസ്. സുന്ദരന്‍, പി. ബാബുരാജ്, എം. അനി, പ്രസാദ്, രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: