കോട്ടയം: പാറമ്പുഴ മൂലേപ്പറമ്പിലെ വീടിനു സമീപം ഇന്നലെയൂം വന്‍ ജനാവലി കാത്തിരുന്നു. എന്നാല്‍ ജനരോഷം ഭയന്ന് കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നില്ല. പേരൂര്‍, അമയന്നൂര്‍, തിരുവഞ്ചൂര്‍, മണര്‍കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ഇവിടെ എത്തിയിരുന്നു. പോലീസ് കൊല്ലപ്പെട്ട ലാലസണിന്റെ വീടിനു ചുറ്റും വടം കെട്ടി തിരിക്കുകയും മറ്റും ചെയ്തോടെ പ്രതികളെ കൊണ്ടുവരുമെന്ന പ്രചാരണം ശക്തമായി. ഉച്ചകഴിഞ്ഞതോടെ ഓബിവാനടക്കമുള്ള മാധ്യമസംഘത്തെ കണ്ടതും ജനം കൂടുന്നതിനു കാരണമായി.
ജനം പ്രകോപിതരാണെന്നും കല്ലേറ് അടക്കമുള്ള അക്രമങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മതിയായ ഫോഴ്സില്ലാതെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് അപകടകരമാണ്. ഇതാണ് ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിയത്.
നരേന്ദ്രകുമാറിനെ മണര്‍കാട് പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴും വൈദ്യപരിശോധനക്കെത്തിച്ചപ്പോഴും അസഭ്യവര്‍ഷവുമായി വന്‍ ജനക്കൂട്ടമായിരുന്നു.
ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഇയാളെ എത്തിച്ചപ്പോള്‍ കൊല്ലപ്പെട്ട പ്രസന്നകുമാറിയുടെ സഹപ്രവര്‍ത്തകയായിരുന്ന വിരമിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ വികാരപ്രകടനം ജനങ്ങളെ കണ്ണീരിലാഴ്ത്തി. ഒരു സ്ത്രീ കാലില്‍ക്കിടന്ന ചെരുപ്പെടുത്ത് ഇയാളെ അടിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.
ഈ സാഹചര്യത്തിലാണ് തെളിവെടുപ്പിന് കൊണ്ടുവരുന്ന പ്രതിയുടെ സുരക്ഷയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് പോലീസ് ലാലസണിന്റെ കുടുംബത്തിന്റെയും എസ്എന്‍ഡിപിശാഖായോഗം ഭാരവാഹികളെയും സമീപിച്ചത്. തങ്ങളുടെ ഉറ്റവരെ നിഷ്ഠൂരമായ കൊലപ്പെടുത്തിയവന്റെ ജീവന് ഞങ്ങള്‍ സംരക്ഷണം നല്‍കണമെന്നാണ് പോലീസ് പറയുന്നതെന്ന് ബന്ധുക്കള്‍ ജന്മഭൂമിയോട് പറഞ്ഞു.
ഇന്ന് അതിരാവിലെ നരേന്ദ്രകുമാറിനെ മൂലേപ്പറമ്പിലെ വീട്ടിലും ഡ്രൈക്ലീനിങ് സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുക്കുന്നതിനാണ് പോലീസ് ആലോചിക്കുന്നത്.
വൈദ്യപരിശോധനയ്ക്കു വിധേയനാക്കി
കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ജില്ല ജനറല്‍ ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന. പ്രതിയെ ആശുപത്രിയില്‍ എത്തിച്ചതറിഞ്ഞ് നൂറുകണക്കിനാളുകള്‍ ആശുപത്രിയില്‍ തടിച്ചുകൂടി.
ജില്ലാ ആശുപത്രിയില്‍ നടന്ന പ്രാഥമിക പരിശോധനകള്‍ക്കുശേഷം പ്രതിക്ക് ഗ്ലൂക്കോസ് കയറ്റി. ശേഷം നരേന്ദ്രകുമാറിനെ പോലീസ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കവേ തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. ‘കൊല്ലെടാ അവനെ’ എന്ന് ആക്രോശിച്ചുകൊണ്ട് കൊല്ലപ്പെട്ട പ്രസന്നകുമാരിയുടെ സഹപ്രവര്‍ത്തകയായിരുന്ന സ്ത്രീ ബഹളം കൂട്ടിയത് വൈകാരിക അന്തരീക്ഷം സൃഷ്ടിച്ചു.
പ്രകോപിതരായി ജനക്കൂട്ടം
കോട്ടയം: തങ്ങളുടെ സഹപ്രവര്‍ത്തകയായ പ്രസന്നകുമാരിയുടെയും കുടുംബത്തിന്റെയും കൊലയാളിയെ എത്തിച്ചപ്പോള്‍ ആദ്യനിമിഷം ആശുപത്രിയിലെ ജീവനക്കാര്‍ വികാരവിക്ഷുബ്ദ്ധരായി.
അടുത്ത നിമിഷംതന്നെ മനോനില വീണ്ടെടുത്ത് നരേന്ദ്രകുമാറിന്റെ ആരോഗ്യനില പരിശോധിച്ച് ഗ്ലൂക്കോസ് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തു. കൊലയാളിയാണെങ്കിലും അവനെ പരിചരിക്കേണ്ടത് മെഡിക്കല്‍ എത്തിക്സിന്റെ ഭാഗമാണെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍:
നടപടികള്‍ കര്‍ശനമാക്കണമെന്ന്
പാറമ്പുഴ: വിവിധ ജോലികള്ക്കെത്തിയിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കുന്നതിനും രേഖകളിലെ വിവരങ്ങള്‍ സത്യസന്ധമാണെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എസ്എന്‍ഡിപി പാറമ്പുഴ ശാഖായോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാറയില്‍ ബിനു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. ബിജു, വൈസ് പ്രസിഡന്റ് കെ.കെ. രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
കോട്ടയം: അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നവരും കൊണ്ടുവരുന്നവരും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി കളക്ട്രേറ്റിലും അതാത് പോലീസ് സ്റ്റേഷനുകളിലെയും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നഗരവികസന സമിതി ആവശ്യപ്പെട്ടു. പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്ത പോലീസ് സംഘത്തെ യോഗം അഭിനന്ദിച്ചു.
അഡ്വ. അനില്‍ ഐക്കര അദ്ധ്യക്ഷത വഹിച്ചു. രാജേഷ് നട്ടാശേരി, കെ.വി. സുരേന്ദ്രന്, ഹരീഷ് ചിത്തിര, സജി കൈലാസം, പി. നിശാന്ത്, തോമസ് മാത്യു, അഡ്വ. രശ്മി അനില്‍, ആതിര ഉണ്ണികൃഷ്ണന്, മധു പുന്നയില്‍, അനീഷ് ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: