പത്തനാപുരം: വേനല്‍ മഴ ശക്തമായതോടെ പത്തനാപുരത്തും പരിസര പ്രദേശങ്ങളിലും പനി പടരുന്നു. വെളളംതെറ്റി, മുളളുമല, കുരിയോട്ടുമല, അച്ചന്‍കോവില്‍ തുടങ്ങിയ ആദിവാസി കോളനികളിലും പനിബാധിതര്‍ ഏറെയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതി.
പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ദിനം പ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടി എത്തുന്നത്. ഇവിടെ ഡോക്ടര്‍മാരും ആവശ്യത്തിന് മരുന്നും ഇല്ലെന്ന് ആക്ഷേപമുണ്ട്. താലൂക്കാസ്ഥാനത്തുളള പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരും മരുന്നുമില്ലാത്തത്. മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്കും മതിയായ ചികിത്സ കിട്ടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മാങ്കോട്, തലവൂര്‍, പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേകര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല. മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലേ ഡോക്ടറെ കാണാന്‍ പറ്റൂ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ 8.30മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഡോക്ടറുടെ സേവനമെങ്കിലും പലപ്പോഴും താമസിച്ച് മാത്രമാണ് ഡോക്ടര്‍മാരെത്തുന്നത്. വെളളംതെറ്റി, മുള്ളുമല, കുരിയോട്ടുമല തുടങ്ങിയ ആദിവാസി മേഖലയില്‍ നിന്നും എത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കില്‍ മാത്രമെ പിറവന്തൂരില്‍ ഡോക്ടറുടെ സേവനം ലഭിക്കുകയുളളുവെന്ന് പറയുന്നു.
പത്തനാപുരം നിയോജക മണ്ഡലത്തിലെ മിക്ക പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ മിക്കപ്പോഴും പത്ത് മണിക്ക് ശേഷമാണെത്തുന്നതെന്നും ആക്ഷേപമുണ്ട്. തൊഴിലാളികളടക്കമുളള ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നത് പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെയാണ്. എന്നാല്‍ ഇവിടെ ആകെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുളളത്. ഉച്ചയ്ക്കു ശേഷം ഡോക്ടര്‍മാരുടെ സേവനം സിഎച്ച്സിയില് ലഭിക്കില്ല.കിടക്കകളുടെ എണ്ണവും പരിമിതമാണ്. ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.
പത്തനാപുരത്ത് ഔഷധിയുടെ സബ്സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പത്തനാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും ചികിത്സ പരിമിതമാണ്. ഇവിടെ എത്തുന്ന രോഗികള്‍ പനിക്ക് പോലും ചികില്‍സ തേടി പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോകേണ്ട ഗതികേടിലാണ്. നഗര ശുചീകരണവും രോഗപ്രതിരോധ മരുന്നുകളുടെ വിതരണവും എങ്ങുമെത്തിയിട്ടില്ല. ക്ലോറിനേഷന് നടപടികളും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പരിമിതികളില്‍ വീര്‍പ്പ് മുട്ടുന്ന പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സ്വന്തമായി ആംബുലന്‍സ് സംവിധാനം പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: