കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിനൊപ്പം നിന്ന രണ്ടു കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. ബിനു പുളിക്കക്കണ്ടം, കൗണ്‍സിലര്‍ ലതാ മോഹനന് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതിന്റെ ഭാഗമായി ലഭിച്ച സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് അടക്കം എല്ലാ സ്ഥാനങ്ങളും രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി നിന്നാണ് ഇരുവരും വിജയിച്ചത്.
യുഡിഎഫിലെ തമ്മിലടിയും കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്‍ക്കവും മൂലം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതാണ് യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാരണമെന്ന് അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജ്ജസ്വലമായ ഭരണവും ബിജെപിയുടെ സജീവമായ പ്രവര്‍ത്തന ശൈലിയുമാണ് ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പാലാ നഗരസഭയില്‍ ഇതോടെ ബിജെപിക്ക് രണ്ടു കൗണ്‍സിലര്‍മാരെ ലഭിച്ചു. വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യുന്നതിവന്റെ ആദ്യപടിയാണ് പാലാ നഗരസഭയിലേക്കുള്ള പ്രവേശനമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വിജയാഘോഷത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സമ്മേളനം 30ന് നടക്കും. രാവിലെ 11ന് വൈഎംസിഎ ഹാളില്‍ നടക്കുന്ന സമ്മേളനം കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, പാലാ മണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, ജി. രഞ്ജിത്ത്, കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ലതാ മോഹനന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: