പറവൂര്‍: കെപിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായ വി.ഡി. സതീശനെതിരെ ‘എ’ ഗ്രൂപ്പ് പറവൂരില്‍ പടയൊരുക്കം ആരംഭിച്ചു. ഒരുകാലത്ത് എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായിരുന്ന പറവൂരില്‍ സതീശന്റെ വരവോടുകൂടി എ ഗ്രൂപ്പിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു. തനിക്കെതിരെ സംസാരിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും ഒതുക്കിനിര്‍ത്തി തന്റേതായ സാമ്രാജ്യം പടുത്തുയര്ത്തിയിരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് പറവൂര്‍ ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം.ടി. ജയന് സതീശനെതിരെ പൊട്ടിത്തെറിച്ചത്.
മന്ത്രിമാരില്‍ പലരും അഴിമതിയുടെ നിഴലിലാണെന്നും സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയാവാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും സതീശന് പറഞ്ഞതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. എ ഗ്രൂപ്പ് നേതാവും മുന്‍ എംപിയുമായ കെ.പി. ധനപാലനും സതീശനെതിരെ നിശിതമായ വിമര്‍ശനമാണ് നടത്തിയത്. ഈ സമയം യോഗത്തില്‍ ഇല്ലാതിരുന്ന സതീശനെ അനുയായികള്‍ വിളിച്ചുവരുത്തുകയായിരുന്നു. യോഗത്തിലെത്തിയ സതീശന് അന്തരീക്ഷം പന്തികേടാണെന്ന് മനസിലാക്കി സര്‍ക്കാരിനെ നയിക്കാന്‍ കഴിവുള്ള ഏക നേതാവ് ഉമ്മന്‍ചാണ്ടിയാണെന്ന് പറഞ്ഞ് മലക്കംമറിയുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍ കര്‍ശന നിലപാട് എടുക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ആരും പുണ്യാളന് ആകേണ്ട. തങ്ങള്‍ക്കും ചിലത് പറയേണ്ടിവരുമെന്ന് ജയന് തുറന്നടിച്ചു. ഉന്നതനേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ജയന് സതീശനെതിരെ രംഗത്തുവന്നിരിക്കുന്നത്.
വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സതീശന്റെ നോമിനികളായ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എ ഗ്രൂപ്പ്. ഇതോടെ പറവൂരില്‍ എ-ഐ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായി. ഒരു ഇടവേളക്കുശേഷം അടിച്ചമര്‍ത്തപ്പെട്ട എ ഗ്രൂപ്പ് ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് പറവൂരില്‍ കാണാന്‍ കഴിഞ്ഞത്. സതീശനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സ്വന്തം അനുയായികള്‍ പോലും രംഗത്തുവരാതിരുന്നത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: